'അടുത്ത തവണയെങ്കിലും യഥാര്‍ത്ഥ മിസ്റ്റര്‍ ബീനിനെ അയക്കുക'; ലോകകപ്പ് മത്സരത്തിന്റെ പേരില്‍ സിംബാബ്‌വേ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മില്‍ വാക്‌പോര്
World News
'അടുത്ത തവണയെങ്കിലും യഥാര്‍ത്ഥ മിസ്റ്റര്‍ ബീനിനെ അയക്കുക'; ലോകകപ്പ് മത്സരത്തിന്റെ പേരില്‍ സിംബാബ്‌വേ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മില്‍ വാക്‌പോര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th October 2022, 10:08 am

ഇസ്‌ലാമാബാദ്: ട്വന്റി ട്വന്റി ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ സിംബാബ്‌വേയോട് പരാജയപ്പെട്ടത് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള ‘വാക്പയറ്റി’ന് കൂടി കാരണമായിരിക്കുകയാണ്.

തങ്ങളുടെ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുകൊണ്ട് സിംബാബ്‌വേ പ്രസിഡന്റ് എമേഴ്‌സണ്‍ മന്‍ഗഗ്വ (Emmerson Mnangagwa) ആയിരുന്നു ആദ്യം ട്വീറ്റ് ചെയ്തത്. പാകിസ്ഥാന്‍ ടീമിനെ കളിയാക്കിക്കൊണ്ടായിരുന്നു ഈ ട്വീറ്റ്.

”എന്തൊരു വിജയമാണ് സിംബാബ്‌വേയുടേത്. ടീമിന് എല്ലാ അഭിനന്ദനങ്ങളും. അടുത്ത തവണയെങ്കിലും യഥാര്‍ത്ഥ മിസ്റ്റര്‍ ബീനിനെ അയക്കുക,” എന്നായിരുന്നു ടീമിന്റെ വിജയത്തിന് പിന്നാലെ സിംബാബ്‌വേ പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.

റോവന്‍ അറ്റ്കിന്‍സണ്‍ (Rowan Atkinson) അവതരിപ്പിച്ച് അനശ്വരമാക്കിയ മിസ്റ്റര്‍ ബീന്‍ ക്യാരക്ടറിനെ അനുകരിക്കുന്ന പാകിസ്ഥാനി കോമഡി ആര്‍ടിസ്റ്റ് ആസിഫ് മുഹമ്മദിനെ പരിഹസിച്ച് കൊണ്ടുള്ളതായിരുന്നു സിംബാബ്‌വേ പ്രസിഡന്റിന്റെ കമന്റ്. 2016ല്‍ ആസിഫ് മുഹമ്മദ് മിസ്റ്റര്‍ ബീന്‍ വേഷത്തില്‍ സിംബാബ്‌വേ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

”ഞങ്ങള്‍ക്ക് ഒരുപക്ഷേ യഥാര്‍ത്ഥ മിസ്റ്റര്‍ ബീന്‍ ഇല്ലായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ക്രിക്കറ്റ് സ്പിരിറ്റുണ്ട്. മാത്രമല്ല, ഞങ്ങള്‍ പാകിസ്ഥാനികള്‍ക്ക് തിരിച്ചടിക്കുന്ന ഒരു ഫണ്ണി ശീലവുമുണ്ട്.

മിസ്റ്റര്‍ പ്രസിഡന്റ്; അഭിനന്ദനങ്ങള്‍, നിങ്ങളുടെ ടീം വളരെ നന്നായി കളിച്ചു,” ഷെഹബാസ് ഷെരീഫ് ട്വിറ്ററില്‍ മറുപടിയായി കുറിച്ചു.

പാക് പ്രധാനമന്ത്രിയുടെ ട്വീറ്റിനെ എന്തായാലും പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ‘സിക്‌സര്‍’ എന്നാണ് ആളുകള്‍ ഈ ട്വീറ്റിനെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ പാക്- സിംബാബ്‌വേ മാച്ചിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ട്വീറ്റുകളും നിറയുന്നുണ്ട്. ഫ്രോഡ് പാക് ബീനിന് സിംബാബ്‌വേ പാകിസ്ഥാനോട് പ്രതികാരം ചെയ്തു, മിസ്റ്റര്‍ ബീനിനെ ഇമിറ്റേറ്റ് ചെയ്ത് പണം തട്ടുന്ന പാക് ബീനിന് ക്രിക്കറ്റിലൂടെ സിംബാബ്‌വേ പ്രതികാരം ചെയ്തു, എന്നിങ്ങനെയാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.

 

കഴിഞ്ഞ ദിവസം പാകിസ്ഥാനെ അട്ടിമറിച്ച് കൊണ്ടായിരുന്നു സിംബാബ്‌വേ ഒരു റണ്‍സിന് വിജയിച്ചത്. 20 ഓവറില്‍ സിംബാബ്‌വേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Content Highlight: Pak PM Shehbaz Sharif responds to Zimbabwe president’s ‘Mr Bean’ jibe at cricket team