ക്രിസ്മസ് കേക്ക് മുറിച്ച സാദിഖലി തങ്ങള്‍ക്കെതിരായ സമസ്ത നേതാക്കളുടെ വിമര്‍ശനം; ദുരാരോപണമെന്ന് പി.എം.എ. സലാം
Kerala News
ക്രിസ്മസ് കേക്ക് മുറിച്ച സാദിഖലി തങ്ങള്‍ക്കെതിരായ സമസ്ത നേതാക്കളുടെ വിമര്‍ശനം; ദുരാരോപണമെന്ന് പി.എം.എ. സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th January 2025, 10:31 am

മലപ്പുറം: കോഴിക്കോട് അതിരൂപത ബിഷപ്പില്‍ നിന്ന് ക്രിസ്മസ് കേക്ക് കഴിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ സമസ്ത നേതാക്കളുടെ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.

ആരോപണങ്ങള്‍ക്കെല്ലാം ആധാരം, തങ്ങള്‍ അകപ്പെട്ടിരിക്കുന്ന തട്ടിപ്പ് കേസുകളില്‍ നിന്ന് രക്ഷപെടാന്‍ ലീഗ് നേതാക്കളെ കുറ്റപ്പെടുത്തുക എന്ന ചിന്തയാണെന്ന് പി.എം.എ. സലാം പറഞ്ഞു.

മുസ്‌ലിം ലീഗ് തങ്ങളുടെ രാഷ്ട്രീയമായി മുന്നോട്ടുപോകുന്നുണ്ട്. ആ രാഷ്ട്രീയം ജനങ്ങള്‍ അംഗീകരിച്ചതാണെന്നും പി.എം.എ സലാം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പും പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പുമെല്ലാം നമ്മുടെ മുമ്പില്‍ ഉദാഹരണങ്ങളായില്ലേ? പിന്നെ എന്തിനാണ് ഇത്തരത്തിലുള്ള ചീഞ്ഞളിഞ്ഞ ആരോപണങ്ങള്‍ എടുത്തുകൊണ്ട് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോടെത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് അതിരൂപത ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനോടപ്പം അദ്ദേഹം കേക്ക് മുറിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

തുടര്‍ന്ന് സാദിഖലി തങ്ങള്‍ കേക്ക് മുറിക്കുകയും കഴിക്കുകയും ചെയ്ത സംഭവത്തെ ന്യായീകരിച്ച് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ സംസാരിക്കുകയുണ്ടായി. പിന്നാലെ ഇതിന് മറുപടിയായി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ പ്രസംഗം കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു.

മറ്റ് മതസ്ഥരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്‌ലാമിന് എതിരാണെന്നാണ് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞത്.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ പ്രസ്താവനയില്‍ തിരുത്ത് വരുത്തിക്കൊണ്ട് ഹമീദ് ഫൈസി പ്രതികരിക്കുകയും ചെയ്തു.

മറ്റുളളവരുടെ വിശ്വാസത്തില്‍ പങ്കുചേരാതെ അവരുമായി സഹകരിക്കുന്നത് മതസൗഹാര്‍ദത്തിന്റെ ഭാഗമാണ്. എന്നാല്‍ മറ്റുള്ളവരുടെ മതവിശ്വാസത്തില്‍ പങ്കെടുക്കരുത്. ഇത് പാണക്കാട് സാദിഖലി തങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നാണ് ഹമീദ് ഫൈസി തിരുത്തിയത്.

സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള വിഭാഗീയതയുടെ ഭാഗമായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവിന്റെ ആദ്യപ്രതികരണം.

Content Highlight: PMA Salam responded to the criticism of samasta leaders against sadikali shihab thangal