പി.എം.ശ്രീ പദ്ധതി; നാളത്തെ മന്ത്രിസഭ യോഗത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് സി.പി.ഐ
Kerala
പി.എം.ശ്രീ പദ്ധതി; നാളത്തെ മന്ത്രിസഭ യോഗത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th October 2025, 4:24 pm

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിൽ പ്രതിഷേധിച്ച് നാളത്തെ മന്ത്രിസഭ യോഗത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് സി.പി.ഐ മന്ത്രിമാർ. ഇന്ന് ഓൺലൈൻ ആയി ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഔദ്യോഗിക തീരുമാനം. നാളെ രാവിലേ പത്ത് മണിക്ക് ചേരേണ്ട മന്ത്രിസഭായോഗം വൈകുന്നേരം 3.30 ലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വവുമായി നടത്തിയ ചർച്ചയിലും കടുപ്പിച്ച നിലപാടായായിരുന്നു സി.പി.ഐ എടുത്തിരുന്നത്.

ചർച്ചയ്ക്കു ശേഷം വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗങ്ങളിൽ നിന്നും സി.പി.ഐ വിട്ടുനിൽക്കുമെന്ന സൂചന ബിനോയ് വിശ്വം നൽകിയിരുന്നു.

ഈ സാഹചര്യത്തിലാണ് നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗത്തിൽ നിന്നും നാല് സി.പി.ഐ മന്ത്രിമാരും വിട്ടുനിൽക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള തീരുമാനം ഇടതുമുന്നണിയിലോ ക്യാബിനറ്റിലോ മന്ത്രിമാരോട് വിശദീകരിക്കാതെ എടുത്തതാണെന്നും കൂട്ടുത്തരവാദിത്തം മന്ത്രിസഭയ്ക്കകത്ത് നിന്നും നഷ്ടമാകുന്നെന്നുള്ള പരാതികൾ സി.പി.ഐ യുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലും ഈ കാര്യത്തിൽ കർശനമായ നിലപാട് വേണമെന്നായിരിന്നു തീരുമാനം.

സി.പി.ഐ ഇപ്പോഴും പി.എം ശ്രീയിൽ ധാരണപത്രം റദ്ദാക്കണമെന്ന നിലപാടിൽ തന്നെയാണെന്നതിന് ഊന്നൽ നൽകുകയാണ് മന്ത്രിസഭ യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന സി.പി.ഐയുടെ ഇന്നത്തെ തീരുമാനം.

മുഖ്യമന്ത്രിയുമായി സംസാരിച്ചു. തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ല. വിഷയങ്ങളിൽ പരിഹാരം കാണാൻ സാധിച്ചിട്ടില്ല. പി.എം ശ്രീയിലെ ഞങ്ങളുടെ അടുത്ത നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും സി.പി.ഐ മന്ത്രിസഭ യോഗം ബഹിഷ്കരിക്കുമെന്നതടക്കമുള്ള അന്തിമ തീരുമാനങ്ങൾ ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്ക് ശേഷം ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

Content Highlight: PM Shri scheme; CPI says it will abstain from tomorrow’s cabinet meeting