ന്യൂദല്‍ഹി: ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മുന്‍നിര്‍ത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തി. ഇരുവരും തമ്മില്‍ 40 മിനിട്ടോളം ഫോണില്‍ സംസാരിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ നിലവിലെ സാഹചര്യത്തില്‍, ലോകത്തെ എണ്ണ വിതരണത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെയും തുറന്നുകൊടുക്കേണ്ടതിന്റെയും പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം എല്ലാ മേഖലകളിലും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധത അറിയിച്ചു.
‘ഞങ്ങള്‍ നിങ്ങളെല്ലാവരെയും സ്‌നേഹിക്കുന്നുവെന്ന് പറയാന്‍ ആഗ്രഹിക്കുന്നു’ (I just wanted to know we all love you) എന്ന് ട്രംപ് ഫോണ്‍ കോളിനിടെ പറഞ്ഞതായി യു.എസ്. പ്രതിനിധി സെര്‍ജിയോ ഗോറിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിനെ കുറിച്ച് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയിയല്‍ കുറിച്ചു.
Received a call from my friend President Donald Trump. We reviewed the substantial progress achieved in our bilateral cooperation in various sectors. We are committed to further strengthening our Comprehensive Global Strategic Partnership in all areas. We also discussed the…
‘എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ഒരു ഫോണ്‍ കോള്‍ ലഭിച്ചു. വിവിധ മേഖലകളിലെ നമ്മുടെ ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച പുരോഗതിയെ കുറിച്ച് ഞങ്ങളിരുവരും അവലോകനം ചെയ്തു.
എല്ലാ മേഖലകളിലും നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ മോദി സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ച കുറിപ്പിലെഴുതി.
യു.എസ്-ഇറാന്‍ താത്കാലിക വെടിനിര്‍ത്തലിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമായിരുന്നു ഇത്. പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയയില്‍ ഇന്ത്യ പങ്കുചേരുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നതായി യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി.
ഈ ചര്‍ച്ചയെ ‘വളരെ പോസിറ്റീവും ഫലപ്രദവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അടുത്ത മാസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഒരു ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ഉടന്‍ അമേരിക്ക സന്ദര്‍ശിക്കും.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടുത്തിടെ വാഷിങ്ടണ്‍ സന്ദര്‍ശിച്ച് പ്രതിരോധ-സാമ്പത്തിക സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇറാനുമായുള്ള ആണവ ചര്‍ച്ചകളില്‍ നിലവില്‍ അനിശ്ചിതത്വം തുടരുകയാണ്.
യുറേനിയം സമ്പുഷ്ടീകരണം 20 വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോള്‍, അഞ്ച് വര്‍ഷം എന്ന നിലപാടിലാണ് ഇറാന്‍. നിലവിലെ വെടിനിര്‍ത്തല്‍ കാലാവധി ഏപ്രില്‍ 21-ന് അവസാനിക്കാനിരിക്കെ, അതിനുമുമ്പ് മറ്റൊരു ഉന്നതതല യോഗം നടക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്.
Content Highlight: PM Modi and Donald Trump hold 40-minute phone conversation