ലീഗ് മതേതര കേരളത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന പാര്‍ട്ടി; എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കിയത് എല്‍.ഡി.എഫ്: കുഞ്ഞാലിക്കുട്ടി
Kerala News
ലീഗ് മതേതര കേരളത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന പാര്‍ട്ടി; എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കിയത് എല്‍.ഡി.എഫ്: കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2022, 2:52 pm

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുമായി ചേര്‍ന്നുള്ളതാണെന്നുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

മതേതര കേരളത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന പാര്‍ട്ടി ലീഗാണെന്നും മതേതരവും മതസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്.ഡി.പി.ഐയുമായി കൂട്ടുകെട്ടുണ്ടാക്കിയത് എല്‍.ഡി.എഫാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മറ്റും ഇതുകണ്ടതാണ്. കേരളത്തില്‍ മതേതരത്വത്തിന് വേണ്ടി വലിയ പരിശ്രമം നടത്തുന്ന പാര്‍ട്ടിയാണ് ലീഗെന്നും സി.പി.ഐ.എം ഇടക്കിടക്ക് ഒന്ന് വിമര്‍ശിച്ചാല്‍ അതിനൊരു പോറലും ഏല്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടതുപക്ഷത്തെ ബംഗാളില്‍ കൊണ്ടുനടക്കുന്നത് പോലും കോണ്‍ഗ്രസാണ്. ബി.ജെ.പിക്ക് പകരം ഇന്ത്യയില്‍ മതേതര ശക്തികളെ നയിക്കാന്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് എം.കെ. മുനീര്‍ പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വാക്കുകളെ തെറ്റായി ഉപയോഗിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് തിരിക്കുന്നു എന്ന വാര്‍ത്തയോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഗുജറാത്ത് ഒരിക്കലും കേരളത്തിന് പഠിക്കാന്‍ മാതൃകയല്ല. ഗുജറാത്തിലുള്ളവര്‍ ഇങ്ങോട്ട് വന്ന് പഠിക്കുകയാണ് വേണ്ടത്. കേരളം അങ്ങോട്ട് പഠിക്കാന്‍ പോകുന്നത് ഗതികേടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

അതേസമയം, ലീഗിന് എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോടിയേരി പറഞ്ഞിരുന്നു. ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്.

എസ്.ഡി.പി.ഐ മറ്റ് മുസ്‌ലിം തീവ്രവാദ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലീഗ് നടത്തുന്നത്. അവര്‍ നടത്തുന്ന പ്രവര്‍ത്തനവും മറ്റൊരു തരത്തില്‍ ആര്‍.എസ്.എസിന് മുതലെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും കോടിയേരി പറഞ്ഞു.