കേരളം വിട്ടാല്‍ മുസ്‌ലിങ്ങള്‍ക്കെവിടെയാണ് സംവരണമുള്ളത്?; മുസ്‌ലിം ലീഗ് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി
Kerala News
കേരളം വിട്ടാല്‍ മുസ്‌ലിങ്ങള്‍ക്കെവിടെയാണ് സംവരണമുള്ളത്?; മുസ്‌ലിം ലീഗ് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th October 2020, 7:58 am

തിരുവനന്തപുരം: കേരളം വിട്ടാല്‍ മുസ്‌ലിങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതെവിടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ ചന്ദ്രഹാസമിളക്കുന്ന മുസ്‌ലിം ലീഗ് തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മുസ്‌ലിം ലീഗിന്റെ എതിര്‍പ്പ് രസാവഹമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്നാണ് ആ പാര്‍ട്ടിയുടെ പേര്. അതിന്റെ പേരിന്റെ ആദ്യഭാഗം ഇന്ത്യന്‍ യൂണിയന്‍ എന്നാണ്. എന്നാല്‍ ഇന്ത്യന്‍ യൂണിയനില്‍ കേരളം വിട്ടാല്‍ എവിടെയാണ് മുസ്‌ലിങ്ങള്‍ക്ക് മുഴുവനും സംവരണമുള്ളത്? മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളില്‍ ചെറിയ വിഭാഗത്തിനു മാത്രമേ സംവരണമുള്ളു,’ മുഖ്യമന്ത്രി പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് സംവരണാനുകൂല്യം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് ഇല്ലാതാക്കണമെന്ന് വാദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങളില്‍ അപാകമുണ്ടെങ്കില്‍ സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്ന പ്രയോഗം മാറ്റി സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സംവരണമെന്നാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം ഭൂരിപക്ഷ മുസ്‌ലിങ്ങളും സംവരണേതര വിഭാഗത്തിലാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം അവര്‍ക്കും ലഭിക്കും.

ഹിന്ദുക്കളിലും ക്രൈസ്തവരിലും മറ്റെല്ലാ മതസ്ഥരിലും മുന്നാക്കവിഭാഗത്തില്‍പ്പെട്ടവരുണ്ട്. ഒരു മതത്തിലും പെടാത്ത ജാതിയും മതവും ഇല്ലാത്ത കൂട്ടരും നാട്ടിലുണ്ട്. ഈ തീരുമാനത്തോടെ അവരും സംവരണത്തന് അര്‍ഹതയുള്ളവരായി തീരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള സംവരണം നഷ്ടപ്പെടുമെന്നുള്ള ആശങ്കയാണ് ചിലര്‍ പടര്‍ത്താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അത്തരമൊരു സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan says Indian Union Muslim League is trying to create confusion on economic reservation