പിണറായി വിജയന്‍ എന്റെ സുഹൃത്താണ്; അതുകൊണ്ട് വിമര്‍ശിക്കുമ്പോള്‍ മിതത്വമുണ്ടാകും: പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
പിണറായി വിജയന്‍ എന്റെ സുഹൃത്താണ്; അതുകൊണ്ട് വിമര്‍ശിക്കുമ്പോള്‍ മിതത്വമുണ്ടാകും: പി.കെ. കുഞ്ഞാലിക്കുട്ടി
രാഗേന്ദു. പി.ആര്‍
Thursday, 29th January 2026, 8:07 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ നല്ലൊരു സുഹൃത്താണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

പിണറായി വിജയന്‍ നല്ലൊരു സുഹൃത്തായത് കൊണ്ടാകാം അദ്ദേഹത്തിനെതിരായ തന്റെ വിമര്‍ശനങ്ങളില്‍ മിതത്വമുണ്ടാകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിവലായ ‘ക’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവെ താന്‍ മിതത്വം പുലര്‍ത്തുന്ന വ്യക്തിയാണ്. പിണറായി വിജയന്‍ തന്റെ സുഹൃത്താണെന്ന കാര്യം നിഷേധിക്കാനുമാകില്ല. കണ്ണൂരിലാണല്ലോ പഠിച്ചിരുന്നത്..! സുഹൃത്തുക്കളാകുമ്പോള്‍ മിതത്വം കുറച്ച് കൂടുമല്ലോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

1986ലെ ബദല്‍ രേഖ വിവാദ സമയത്ത് സി.പി.ഐ.എം-ലീഗ് മുന്നണി സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പില്‍കാലത്ത് സി.പി.ഐ.എം പുറത്താക്കിയ എം.വി. രാഘവനെ ഒരു ഹീറോയായി കണ്ട് തങ്ങളുടെ സീറ്റ് വിട്ടുകൊടുത്ത് മത്സരിപ്പിക്കുകയും മന്ത്രിയാക്കുകയും ചെയ്തിരുന്നു.

വിശ്വസിക്കുന്നവരെ തങ്ങൾ സംരക്ഷിക്കുമെന്നതിന്റെ ചരിത്രം കൂടിയാണ് ബദല്‍ രേഖയ്ക്ക് ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ സംഭവികാസങ്ങളെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1967ല്‍ സി.പി.ഐ.എമ്മുമായി മുസ്‌ലിം ലീഗ് സഖ്യം ചേര്‍ന്നിരുന്നുവെന്നും സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട് വിവിധ കാലയളവില്‍ വ്യത്യസ്തമായ രീതിയില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്‍ മികച്ചൊരു അഡ്മിനിസ്‌ട്രേറ്ററും വികസനത്തിന്റെ വക്താവുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി, അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ട് ഒരു സര്‍ക്കാരിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കികൊടുക്കുന്ന നേതാവും.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി ഭയങ്കര വേഗതയുള്ള ഒരു നേതാവായിരുന്നു. സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ഒരാള്‍ എങ്ങനെ മാക്‌സിമം വര്‍ക്ക്‌ഹോളിക് ആകുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു ജനകീയ മുഖമാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മൂന്ന് മുഖ്യമന്ത്രിമാരും മൂന്ന് സ്വഭാവമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Pinarayi Vijayan is my friend; therefore, I will be moderate when criticizing him: P.K. Kunhalikutty

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.