ധൈര്യമുണ്ടെങ്കില്‍ തെളിവുകള്‍ പുറത്തു വിടട്ടെ, കുറച്ചു കഴിഞ്ഞ് പെപ്പെ തന്നെ വന്ന് പറയും തെറ്റു പറ്റി, ക്ഷമിക്കണമെന്ന്: ജൂഡ് ആന്തണി ജോസഫ്
Entertainment news
ധൈര്യമുണ്ടെങ്കില്‍ തെളിവുകള്‍ പുറത്തു വിടട്ടെ, കുറച്ചു കഴിഞ്ഞ് പെപ്പെ തന്നെ വന്ന് പറയും തെറ്റു പറ്റി, ക്ഷമിക്കണമെന്ന്: ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th May 2023, 8:52 pm

താന്‍ ചീത്ത വിളിച്ചതിന് തെളിവുകളുണ്ടെങ്കില്‍ പെപ്പെ പുറത്തുവിടട്ടെയെന്ന് ജൂഡ് ആന്തണി ജോസഫ്. കുറച്ചു കാലം കഴിഞ്ഞാല്‍ പെപ്പെ തന്നെ തനിക്ക് തെറ്റുപറ്റി, ക്ഷമിക്കണമെന്ന് പറയുമെന്നും ജൂഡ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെപ്പെയെ ഞാന്‍ ചീത്ത വിളിച്ച ഏതെങ്കിലുമൊരു ഓഡിയോ ക്ലിപ്പ്‌ ധൈര്യമുണ്ടെങ്കില്‍ അവന്‍ പുറത്തുവിടട്ടെ. ഞാന്‍ ചീത്ത വിളിക്കുന്ന ആളാണ്. പക്ഷെ പെപ്പെയെ ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു തെറിയും പറഞ്ഞിട്ടില്ല. അവന്‍ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞെങ്കില്‍ എനിക്ക് വിഷമമൊന്നുമില്ല. അനിയന്റെ സ്ഥാനത്താണ് ഞാന്‍ അവനെ കാണുന്നത്. അവനോട് ഞാന്‍ ക്ഷമിക്കുകയാണ്.

പത്രസമ്മേളനം വിളിച്ച് ഹീറോ കാണിച്ച് വീട്ടില്‍ പോയി ഇരിക്കാന്‍ പറ്റുമായിരിക്കും. എന്തിനാണ് പക്ഷേ കള്ളം പറയുന്നത്. സത്യം പറഞ്ഞൂടേ. ശരിയാണ് ഞാന്‍ പറഞ്ഞതില്‍ മിസ്റ്റേക്കുണ്ട്. ഫാമിലിക്ക് വിഷമമായതില്‍ സോറി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇല്ലാക്കഥ പറയരുത്. ഞാന്‍ അവനെ തെറി വിളിച്ചെന്നാണ് പറയുന്നത്. അങ്ങനെയുള്ള ആളല്ല ഞാന്‍.

സ്‌ക്രിപ്റ്റ് വായിക്കാത്തതിന് ചീത്ത വിളിക്കുന്ന ആളാണോ ഞാന്‍ ? എനിക്ക് വിഷമമൊന്നുമില്ല. ഇത്രയും ആള്‍ക്കാര്‍ ഇപ്പോള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്ന സമയമാണ്. ഇതെല്ലാം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ തെളിവുകള്‍ പുറത്ത് വരും. സത്യം ആരുടെ ഭാഗത്താണെന്ന് അന്ന് നാട്ടുകാര്‍ അറിയും. അന്ന് അയ്യോ ചേട്ടാ സോറി എന്ന് പറഞ്ഞ് ആളുകള്‍ എന്റടുത്ത് വരും. ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും.

എനിക്ക് ആരോടും ദേഷ്യമില്ല. പെപ്പയോട് ഞാന്‍ പറയുന്നു. നീ തന്നെ വന്ന് പറയും, തെറ്റ് പറ്റിപ്പോയി ചേട്ടാ, ക്ഷമിക്കണം എന്ന്. അത് ദൈവം ചെയ്യിപ്പിച്ചിരിക്കും. അത്രയും ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് ആരോടും ദേഷ്യമില്ല. ഞാന്‍ പറഞ്ഞതില്‍ ഒരു കാര്യം പോലും തെറ്റല്ല. സത്യം ആര് പറയുന്നു, അവര്‍ മാത്രമേ ജയിക്കുകയൂള്ളൂ,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.

CONTENT HIGHLIGHTS: Pepe will apologize to me: Jude