വൈകുന്നേരമായാല്‍ വെള്ളത്തിലേക്കിറങ്ങും, വെളുക്കുമ്പോഴാണ് തിരിച്ചു കേറുന്നത്: ജിലുജോസഫ്
Entertainment news
വൈകുന്നേരമായാല്‍ വെള്ളത്തിലേക്കിറങ്ങും, വെളുക്കുമ്പോഴാണ് തിരിച്ചു കേറുന്നത്: ജിലുജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th May 2023, 8:00 pm

ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ച മലയാള സിനിമയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച അഭിനേത്രിയാണ് ജിലു ജോസഫ്. സുധീഷിന്റെ പാര്‍ട്ണറായിട്ടാണ് ജിലു സിനിമയില്‍ എത്തിയത്. സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ഇവരുടെ മകനായ ഉണ്ടാപ്പി. പ്രണവാണ് ഉണ്ടാപ്പിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലില്‍ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജിലു ജോസഫും പ്രണവും.

സിനിമയില്‍ പ്രണവിന്റെ കരച്ചില്‍ കണ്ടിട്ട് പൊന്നുമോനെ ഇങ്ങനെയൊന്നും കരയല്ലേ എന്ന് പറയാന്‍ തോന്നിയെന്ന് ജിലു പറയുന്നു. സുധീഷേട്ടന്റെ അഭിനയം മുഖത്തെ നിഷ്‌കളങ്കത കണ്ടാല്‍ സ്വാഭാവികമായും നമുക്കും അഭിനയം വരുമെന്നും അവരുടെയൊക്കെ കൂടെ കട്ടക്ക് നില്‍ക്കാന്‍ പറ്റണേ എന്നായിരുന്നു പ്രാര്‍ത്ഥനയെന്നും ജിലു ജോസഫ് പറഞ്ഞു.

‘ജാന്‍.എ.മന്‍ ഉള്‍പ്പടെ രണ്ടോ മൂന്നോ സിനിമകളില്‍ മാത്രമേ എനിക്ക് ത്രൂ ഔട്ട് വേഷങ്ങള്‍ കിട്ടിയിട്ടുള്ളൂ. ജൂഡ് ആന്തണി ആണ് എന്നെ വിളിച്ച് സുധീഷേട്ടന്റെ ഭാര്യയുടെ റോള്‍ ആണെന്ന് പറഞ്ഞത്. സെറ്റിലേക്ക് ചെന്നപ്പോഴാണ് അറിയുന്നത് കുറച്ച് അധികം അഭിനയിക്കാന്‍ ഉണ്ടെന്ന്. അവിടെ ഉണ്ടാപ്പിയുടെയും സുധീഷേട്ടന്റെയും പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ സ്വാഭാവികമായി എനിക്കും കരച്ചില്‍ വന്നു. എന്റെ പൊന്നു മോനെ ഇങ്ങനെ കരയല്ലേ എന്നു പറയാന്‍ തോന്നി. സുധീഷേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോള്‍, ആ നിഷ്‌കളങ്കത കണ്ടാല്‍ അഭിനയം താനെ വരും.

എനിക്ക് ആകെ കൂടി ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ കൂടെ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു അത്. ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ എനിക്കും സുധീഷേട്ടനും മനസ്സിലായി ഇനിയുള്ള ദിവസങ്ങള്‍ വെള്ളത്തിലാണെന്ന്. വൈകുന്നേരം അഞ്ച് മണി ആയാല്‍ വെള്ളത്തിലോട്ട് ഇറങ്ങും. പിന്നെ നേരം വെളുക്കുമ്പോള്‍ ആണ് തിരിച്ചുകേറുന്നത്.

സാധാരണ സിനിമാ സെറ്റില്‍ ഇടവേളയില്‍ കുറച്ചുനേരം സെറ്റീന്ന് പോവാന്‍ പറ്റും. പക്ഷെ 2018ന്റെ സെറ്റില്‍ അത് പറ്റില്ല. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ പുറത്തേക്കു പോവാന്‍ പറ്റുകയൊള്ളൂ. കാരണം ശരീരം മുഴുവന്‍ നനവായിരിക്കും. തണുപ്പു മാറാന്‍ വേണ്ടി സെറ്റില്‍ സ്റ്റീല്‍ കുടത്തില്‍ ചൂട് വള്ളം കൊണ്ടു വരാറുണ്ട്, ജിലു ജോസഫ് പറഞ്ഞു.

content highlights: Jilu joseph shares his experiences in the movie 2018