റൊമാന്‍സ് വരുന്നെടാ... ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലു
Indian Cinema
റൊമാന്‍സ് വരുന്നെടാ... ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd August 2025, 11:24 am

തെലുങ്കില്‍ വന്‍ ആരാധക പിന്തുണയുള്ള നടനാണ് പവന്‍ കല്യാണ്‍. ചിരഞ്ജീവിയുടെ സഹോദരനായ പവന്‍ കല്യാണ്‍ വളരെ വേഗത്തില്‍ തെലുങ്ക് സിനിമയുടെ മുന്‍നിരയില്‍ ഇടംപിടിച്ചു. ആരാധകര്‍ പവര്‍ സ്റ്റാര്‍ എന്ന വിളിപ്പേര് നല്‍കിയ പവന്‍ കല്യാണ്‍ രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യമറിയിക്കുകയും ഇപ്പോള്‍ ആന്ധ്രയുടെ ഉപമുഖ്യമന്ത്രിയുമാണ്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹരിഹര വീരമല്ലുവാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ ജൂലൈയില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീഴുകയായിരുന്നു. 100 കോടിയുടെ നഷ്ടമാണ് ചിത്രം നിര്‍മാതാവിന് നല്‍കിയത്. കഴിഞ്ഞദിവസം ഹരിഹര വീരമല്ലു ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ ട്രോളന്മാര്‍ കീറിമുറിക്കുകയാണ്. നായകനായ പവന്‍ കല്യാണ്‍ മാസ് എന്ന പേരില്‍ ഓരോന്ന് കാട്ടിക്കൂട്ടുന്ന രംഗങ്ങളും താരത്തിന്റെ റൊമാന്‍സ് സീനുകളും ഇതിനോടകം എയറിലായിക്കഴിഞ്ഞു. മുഖത്ത് യാതൊരു ഭാവവും വരാതെ ആദ്യാവസാനം ഒരുപോലെ നില്‍ക്കുകയാണ് പവന്‍ കല്യാണ്‍ എന്നാണ് പലരും വിമര്‍ശിക്കുന്നത്.

നായികയായ നിധി അഗര്‍വാളുമായുള്ള റൊമാന്‍സ് രംഗങ്ങളെല്ലാം ക്രിഞ്ചിന്റെ അങ്ങേയറ്റമാണെന്നാണ് പറയുന്നത്. റൊമാന്റിക്കായി നോക്കുന്ന രംഗം ഹാപ്പി ഹസ്ബന്‍ഡ്‌സിലെ സുരാജ് വെഞ്ഞാറമൂടിനെ ഓര്‍മിപ്പിക്കുന്നു എന്നാണ് ട്രോളുകള്‍. നായികയുമായി പ്രായവ്യത്യാസം തോന്നിക്കുന്ന പവന്‍ കല്യാണിനെ ‘അങ്കിള്‍’ എന്ന് വിശേഷിപ്പിക്കുന്ന കമന്റുകളും കാണാന്‍ സാധിക്കുന്നുണ്ട്.

 

 

നായികയെക്കൊണ്ട് പ്രണയമാണെന്ന് പറയിപ്പിക്കുന്ന സീന്‍ പാണ്ടിപ്പടയിലെ പ്രകാശ് രാജ് ‘റൊമന്‍സ് വരുന്നെടാ’ എന്ന് പറയുന്നതുപോലെയാണെന്നാണ് മറ്റൊരു ട്രോള്‍. ആക്ഷന്‍ സീനുകളിലെല്ലാം ഫേസ് സ്വാപ്പിങ്ങാണെന്ന് കൊച്ചുകുട്ടിക്ക് വരെ മനസിലാകുന്നുണ്ടെന്നും വിമര്‍ശനങ്ങളുണ്ട്. ആക്ഷന്‍ ചെയ്യാനും ഭാവം വരാതെയും ഇയാള്‍ എങ്ങനെ സൂപ്പര്‍സ്റ്റാറായി ന്നൊണ് പലരും ചോദിക്കുന്നത്.

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം പവന്‍ കല്യാണിനെ പിടികൂടി കടുവയുടെ മുന്നില്‍ നിര്‍ത്തുമ്പോള്‍ കടുവയെ നോക്കി പേടിപ്പിക്കുന്ന സീനും ട്രോളിന് വകുപ്പുണ്ടാക്കുന്നുണ്ട്. ‘കെ.എസ്.ആര്‍.ടി.സി ബസിലെ ലേഡീസ് സീറ്റില്‍ കിടന്നുറങ്ങിയ അമ്മാവനെ വിളിച്ച് എഴുന്നേല്പിച്ചാല്‍ ഇതേ ഭാവമായിരിക്കും’ എന്നാണ് പ്രധാന കമന്റ്.

രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി പവന്‍ കല്യാണ്‍ പോയതിനാല്‍ ആദ്യം പറഞ്ഞതിനെക്കാള്‍ ഇരട്ടി ബജറ്റിലാണ് ഹരിഹര വീരമല്ലു പൂര്‍ത്തിയാക്കിയത്. പവന്‍ കല്യാണിന്റെ തിരക്കില്‍ മനം മടുത്ത ആദ്യത്തെ സംവിധായകന്‍ ക്രിഷ് ജഗലര്‍മുണ്ഡി ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നീട് നിര്‍മാതാവ് എം. രാജയുടെ മകന്‍ ജ്യോതി കൃഷ്ണയാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

Content Highlight: Pawan Kalyan’s Hari Hara Veera Mallu get trolls after its OTT release