ആ വാര്‍ത്ത വ്യാജം; മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് വിരമിച്ചെന്ന വാര്‍ത്ത തള്ളി പോള്‍ പോഗ്ബ
World News
ആ വാര്‍ത്ത വ്യാജം; മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് വിരമിച്ചെന്ന വാര്‍ത്ത തള്ളി പോള്‍ പോഗ്ബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 5:46 pm

പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്ന് വിരമിച്ചെന്ന വാര്‍ത്ത തള്ളി പോള്‍ പോഗ്ബ. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ‘വ്യാജവാര്‍ത്ത’ എന്ന് എഴുതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ആയിട്ടാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് അധ്യാപകനായ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മാക്രോണ്‍ വിവാദപരാമര്‍ശം നടത്തിയത്. 47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു.

അറബിക് സ്പോര്‍ട്സ് വെബ്സൈറ്റായ 195 സ്പോര്‍ട്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെ മറ്റ് മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട അധ്യാപകന് പരമോന്നത ബഹുമതി നല്‍കി ആദരിക്കവെ മാക്രോണ്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ഭാവി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടന്നതെന്നും അതൊരിക്കലും നടക്കില്ലെന്നുമാണ് മക്രോണ്‍ പറഞ്ഞത്. ഒപ്പം ജനാധിപത്യത്തെയും മതേതരത്തത്തെയും ഭയക്കുന്ന ഭീരുക്കളാണ് സാമുവേല്‍ പാറ്റിയെ കൊലപ്പെടുത്തിയതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ല, നമ്മുടെ ഭാവി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഇസ്‌ലാമിസ്റ്റുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അവര്‍ക്കൊരിക്കലും അത് ലഭിക്കില്ല,’ മക്രോണ്‍ പറഞ്ഞു.

പാരീസിലെ സൊര്‍ബോണ്‍ സര്‍വകലാശാലയില്‍ സാമുവല്‍ പാറ്റിയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ചടങ്ങില്‍ വെച്ച് സാമുവേല്‍ പാറ്റിക്ക് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലെജിയന്‍ ഓഫ് ഹോണര്‍ പുരസ്‌കാരം നല്‍കി മക്രോണ്‍ ആദരിച്ചു.

ഒക്ടോബര്‍ 16 നാണ് സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടത്. അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

2013ല്‍ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ഗിനിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്കു പിറന്ന പോഗ്ബ ഇസ്‌ലാം മത വിശ്വാസിയാണ്.

(പോള്‍ പോഗ്ബ വിരമിച്ചു എന്ന തരത്തില്‍ പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഡൂള്‍ന്യൂസും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുന്നു.)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Paul Pogba deny resign news Emmanuel Macron