'ഞാന്‍ ഇവിടെ തന്നെയുണ്ടാകും; പത്താം തീയതി കഴിഞ്ഞാല്‍ എല്ലാവരും ഇവിടെതന്നെ കാണണം'; എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകുമെന്ന് കെ. എം ഷാജി
Kerala News
'ഞാന്‍ ഇവിടെ തന്നെയുണ്ടാകും; പത്താം തീയതി കഴിഞ്ഞാല്‍ എല്ലാവരും ഇവിടെതന്നെ കാണണം'; എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകുമെന്ന് കെ. എം ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 8:07 am

തിരുവനന്തപുരം: അഴീക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ നവംബര്‍ പത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകുമെന്ന് കെ. എം ഷാജി എം.എല്‍.എ. എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാകണമെന്നും ഷാജി ഫേസ്ബുക്കിലെഴുതി.

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയനാവേണ്ടവനാണെന്ന് തനിക്ക് നല്ല ബോധ്യവും നിര്‍ബന്ധവുമുണ്ട് എന്നും ഷാജി ഫേസ്ബുക്കിലെഴുതി.

‘അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം,’ കെ. എം ഷാജി പറഞ്ഞു.

കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പുറമെ വിജിലന്‍സും കെ.എം ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

2014ല്‍ 30 ലക്ഷം രൂപ സംഭാവന ഇനത്തില്‍ വരുമാനമായി സ്‌കൂള്‍ മാനേജ്‌മെന്റിന് ലഭിച്ചിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ഈ തുകയില്‍ 25 ലക്ഷം രൂപ കെ എം ഷാജിക്ക് നല്‍കിയതായി കണ്ണൂര്‍ ജില്ലാ ബ്ലോക്ക് പ്രസിഡന്‍ര് പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് കേസ്.

കെ.എം ഷാജി ഉള്‍പ്പെടെ 30ലധികം ആളുകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.

എന്‍ഫോഴ്‌സമെന്റ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനാണ് നടപടി.

എന്നാല്‍ വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു, കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നുമാണ് ഷാജി മറുപടി പറഞ്ഞിരുന്നത്. ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എം.എല്‍.എ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഷാജിയുടെ സ്വത്ത് വിവരങ്ങളും ചര്‍ച്ചയായിരുന്നു. തനിക്ക് കുടുംബ പരമായി തന്നെ സ്വത്തുണ്ടായിരുന്നെന്നായിരുന്നു ഷാജി ഇതിന് വിശദീകരണം നല്‍കിയത്. എന്നാല്‍ ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.

കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമായി കെ.എം. ഷാജി മാറിയിരിക്കുകയാണെന്ന് റഹീം ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലായി അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് ആസ്തിയുടെ അസാധാരണ വളര്‍ച്ച വ്യക്തമാണെന്നും റഹീം പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും.

നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സി ആയ ഇ.ഡി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം
അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിര്‍ബന്ധവുമുണ്ട്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: KM Shaji facebook post on enforcement questioning over corruption case