'ഒരു മുഖ്യമന്ത്രിയുടെ പരസ്യമായ ഭീഷണിപ്പെടുത്തലില്‍ അമ്പരന്നുപോയി, ആ കസേരയില്‍ തുടരാന്‍ ലജ്ജയില്ലേ'; കഞ്ചാവ് പരാമര്‍ശത്തില്‍ ഉദ്ദവിനെതിരെ കങ്കണ റണൗട്ട്
India
'ഒരു മുഖ്യമന്ത്രിയുടെ പരസ്യമായ ഭീഷണിപ്പെടുത്തലില്‍ അമ്പരന്നുപോയി, ആ കസേരയില്‍ തുടരാന്‍ ലജ്ജയില്ലേ'; കഞ്ചാവ് പരാമര്‍ശത്തില്‍ ഉദ്ദവിനെതിരെ കങ്കണ റണൗട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 1:26 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും നടി കങ്കണ റണൗത്തും തമ്മില്‍ വീണ്ടും വാക്‌പോര്. മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം ഉദ്ദവ് രംഗത്തെത്തിയിരുന്നു. മയക്കുമരുന്നിന് അടിമകളായ ചിലര്‍ ഇവിടെ വന്ന് താമസിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയിലുള്ളവര്‍ തുളസി വളര്‍ത്തുമ്പോള്‍ ഇത്തരക്കാര്‍ കഴിയുന്ന സംസ്ഥാനത്തുടനീളം കഞ്ചാവ് കൃഷിയാണ് നടക്കുന്നതെന്നായിരുന്നു ഉദ്ദവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഉദ്ദവിനെതിരെ തുറന്നപോരുമായി കങ്കണ രംഗത്തെത്തിയത്.

‘മുംബൈ ചിലപ്പോള്‍ പാക് അധീന കശ്മീരാകും. കാരണം മയക്കുമരുന്നിന് അടിമകളായ പലരുമാണ് ചുറ്റുമുള്ളത്. അവരാണ് ഇങ്ങനെയൊരു ചിത്രം നല്‍കുന്നത്. അവര്‍ക്കറിയില്ല നമ്മള്‍ നമ്മുടെ വീടുകളില്‍ കഞ്ചാവിന് പകരം തുളസിയാണ് ഉണ്ടാക്കുന്നതെന്ന്. ഇത്തരക്കാരുടെ സംസ്ഥാനത്ത് കഞ്ചാവ് വയലുകളുണ്ട്. അത് എവിടെയാണെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകും. എന്തായാലും നമ്മുടെ മഹാരാഷ്ട്രയിലല്ല’, എന്നായിരുന്നു ഉദ്ദവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷപരാമര്‍ശവുമായി കങ്കണ രംഗത്തെത്തിയത്.

‘മുഖ്യമന്ത്രി നിങ്ങള്‍ വളരെ നിസ്സാരനായ വ്യക്തിയാണ്, ഹിമാചലിനെ ദേവ്ഭൂമി എന്നാണ് വിളിക്കുന്നത്, അവിടെ നിറയെ ക്ഷേത്രങ്ങളുണ്ട്, കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറെ കുറവാണ്. ആപ്പിളും കിവിയും മാതളനാരകവും വളരുന്ന ഫലഭൂഷ്ടമായ ഒരു ഭൂമിയുണ്ട് അവിടെ. ആളുകള്‍ക്ക്  എന്തുവേണമെങ്കിലും വളര്‍ത്താം’, എന്നായിരുന്നു കങ്കണ പറഞ്ഞത്.

ശിവന്റെയും പാര്‍വതിയുടെയും വാസസ്ഥലമായിരുന്ന ഒരു സംസ്ഥാനത്തെക്കുറിച്ച് മോശമായ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നടത്തിയിരിക്കുന്നത് എന്നുകൂടി കങ്കണ അവരുടെ ട്വീറ്റില്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

‘മുഖ്യമന്ത്രിയായിരിക്കുന്നതില്‍ നിങ്ങള്‍ സ്വയം ലജ്ജിക്കണം, ഒരു പൊതുസേവകനായിരിക്കെ നിസ്സാരമായ പ്രതികാരങ്ങളില്‍ ഏര്‍പ്പെടുകയാണ് നിങ്ങള്‍. നിങ്ങളോട് യോജിക്കാത്ത ആളുകളെ അപമാനിക്കാന്‍ ആ അധികാരം നിങ്ങള്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന കസേരയ്ക്ക് നിങ്ങള്‍ അര്‍ഹനല്ല. നിങ്ങള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. നിങ്ങളെയോര്‍ത്ത് ലജ്ജതോന്നുന്നു’, കങ്കണ ട്വീറ്റില്‍ പറഞ്ഞു.

ഒരു മുഖ്യമന്ത്രിയുടെ പരസ്യമായ ഭീഷണിപ്പെടുത്തലില്‍ താന്‍ അമ്പരന്നുപോയെന്നും നിങ്ങളുടെ വൃത്തികെട്ട പ്രസംഗങ്ങള്‍ അശ്ലീലമാണെന്നും അത് പ്രകടിപ്പിക്കുന്നത് നിങ്ങളിലെ കഴിവില്ലായ്മയാണെന്നും കങ്കണ പറഞ്ഞു.

അഞ്ച് വര്‍ഷക്കാലത്തേക്ക് മാത്രം മുഖ്യമന്ത്രിയായി ഇരിക്കുന്ന ഒരാള്‍ മഹാരാഷ്ട്രയെ മൊത്തത്തില്‍ വിലയ്ക്കുവാങ്ങിയ പോലെയാണ് സംസാരിക്കുന്നതെന്നും കങ്കണ പറഞ്ഞു.

ഹിമാലയവും മുംബൈയും എന്റെ വീടുകളാണ്. എന്നാല്‍ നിങ്ങള്‍ ഞങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ തട്ടിയെടുത്ത് ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ധൈര്യപ്പെട്ടു. മുഖ്യമന്ത്രീ, ഞാന്‍ നിങ്ങളെപ്പോലുള്ള എന്റെ പിതാവില്‍ നിന്നും അധികാരവും സമ്പത്തും കൈവശപ്പെടുത്തിയിട്ടില്ല. അതില്‍ ഞാന്‍ താത്പര്യപ്പെടുന്നുമില്ല.

ഞാന്‍ ഒരു പ്രശസ്ത കുടുംബത്തില്‍ നിന്നുള്ളയാളാണ്, അവരുടെ സ്വത്തില്‍ നിന്ന് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ചില ആളുകള്‍ക്ക് ആത്മാഭിമാനവും മൂല്യവുമുണ്ട്,’ കങ്കണ കൂട്ടിച്ചേര്‍ത്തു.

അതിനിടെ രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കങ്കണ റണൗത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് മുംബൈ പൊലീസ്. കങ്കണയ്ക്കും സഹോദരി രംഗോലിക്കുമാണ് മുംബൈ പൊലീസ് നോട്ടീസ് അയച്ചത്.

ഒക്ടോബര്‍ 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് സമന്‍സിലെ നിര്‍ദ്ദേശം. ബോളിവുഡിനെ കങ്കണ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കങ്കണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബോളിവുഡിലെ ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് നടിക്കെതിരെ സമന്‍സ് അയച്ചിരിക്കുന്നത്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില പ്രസ്താവനകളാണ് നടിയെ വിവാദപ്രസ്താവനകളുടെ ഉറ്റതോഴിയാക്കി മാറ്റിയത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു.

മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോര് മുറുകിയത്. ശിവസേനയെ നേരിടാന്‍ ബി.ജെ.പി കങ്കണയെ ആയുധമാക്കുകയാണ് എന്നാണ് സേന നേതാക്കളുടെ പ്രധാന ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kangana Ranaut calls Uddhav Thackeray ‘worse product of nepotism’