ഇടത് പാര്‍ട്ടികളിലും പുരുഷാധിപത്യം, റാലികളിലുള്ള സ്ത്രീ പങ്കാളിത്തം കമ്മിറ്റികളിലില്ല: ബൃന്ദ കാരാട്ട്
Kerala News
ഇടത് പാര്‍ട്ടികളിലും പുരുഷാധിപത്യം, റാലികളിലുള്ള സ്ത്രീ പങ്കാളിത്തം കമ്മിറ്റികളിലില്ല: ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th November 2022, 9:24 am

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനങ്ങള്‍ തകരുന്നതും അതിന്റെ സത്തയെ നിര്‍മാര്‍ജനം ചെയ്യുന്നതും സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ ദുഃസ്സഹമാക്കുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസ സാമൂഹിക അസമത്വത്തിന്റെ ഏറ്റവും രൂക്ഷമായ രൂപമാണ്. നിയമവാഴ്ചയും ഭരണഘടനാപരമായ അവകാശങ്ങളും ഇല്ലാതാകുന്ന അവസ്ഥ, ഇത് സ്ത്രീകളെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ടുപോകും.

വ്യക്തിപരമായ അനുഭവവും സാമൂഹ്യഘടനയും തമ്മിലുള്ള ബന്ധം മനസ്സിലാക്കി കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കണമെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

‘സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ കോഴിക്കോട് ദയാപുരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ദക്ഷിണ കര്‍ണാടകത്തിലെ വിദ്യാര്‍ത്ഥിനികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെയും ഇറാനിലെ സ്ത്രീകള്‍ ശിരോവസ്ത്രം ഇടാത്തതിനെതിരെ പ്രതിഷേധിച്ചു നടക്കുന്ന സമരങ്ങളെയും ഒരേസമയം പിന്തുണയ്ക്കുന്നത് കാപട്യമാണെന്ന് ചിലര്‍ ആരോപിക്കുന്നു.

എന്നാല്‍ സ്ത്രീകളുടെ സ്വന്തം ശരീരത്തെപ്പറ്റിയും വസ്ത്രത്തെപ്പറ്റിയുമുള്ള തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക, അവരുടെ പഠിക്കാനും സമൂഹത്തില്‍ ഇടപെടാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക തുടങ്ങിയ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതില്‍ യാതൊരു വൈരുദ്ധ്യവുമില്ല.

ഏതുസമരവും പ്രത്യേക പശ്ചാത്തലത്തില്‍ മനസ്സിലാക്കാനുള്ള ചരിത്രബോധം നാം ആര്‍ജ്ജിച്ചേ തീരൂ. ഇന്നത്തെ വെറുപ്പിന്റെയും ജാതീയതയുടെയും രാഷ്ട്രീയമാണ് ഇന്ത്യയുടെ ഭാവി ആവാന്‍ പോകുന്നതെങ്കില്‍ നമുക്കൊരു ഭാവി ഉണ്ടാവില്ല.

ഇടത് പാര്‍ട്ടികളില്‍ പോലും സ്ത്രീകള്‍ക്ക് മതിയായ പ്രാധിനിധ്യമില്ല. ഒരു നേതാവിനെ തന്നെ നാലും അഞ്ചും തവണ എം.പിയാക്കുന്നതിന് പകരം ഒരു സ്ത്രീയെ അയക്കാന്‍ കഴിയുന്നില്ല. പുരുഷാധിപത്യമാണ് ഇതിനെല്ലാം തടസമാകുന്നത്,’ ബൃന്ദ പറഞ്ഞു.

ഒരു നടിയാകാന്‍ ആഗ്രഹിച്ചിരുന്ന തന്നെ വിയറ്റ്‌നാം യുദ്ധവും ലണ്ടന്‍ ജീവിതവും എങ്ങനെയാണ് മാറ്റിമറിച്ചതെന്ന് വിദ്യാര്‍ത്ഥികളുമായുളള ചര്‍ച്ചയ്ക്കിടെ ബൃന്ദ വിശദീകരിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്ന് അഞ്ച് പതിറ്റാണ്ട് കാലം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയാണുളളതെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

‘എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷാധിപത്യം തുടരുന്നുണ്ട്. കമ്മിറ്റികളിലെ സ്ത്രീകളുടെ പ്രധിനിധ്യം വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. റാലികളില്‍ സ്ത്രീകളെ ഏറെ കാണാമെങ്കിലും കമ്മിറ്റികളിലേക്ക് വരുമ്പോള്‍ എണ്ണം കുറവാണ്.

എല്ലാ തലത്തിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുനുള്ള പാര്‍ട്ടി നയത്തിന്റെ ഭാഗമായി ബ്രാഞ്ച് തലത്തിലും, ലോക്കല്‍ കമ്മിറ്റിയിലും ആയിരക്കണക്കിന് സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാലും, തുല്യ പങ്കാളിത്തം ഉറപ്പാക്കും വരെ ഈ വിഷയത്തില്‍ പോരാട്ടം ആവശ്യമാണ്,’ ബൃന്ദ കാരാട്ട് പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു ബൃന്ദ ഇക്കാര്യം സൂചിപ്പിച്ചത്.

Content Highlight: Patriarchy is strong in left parties too; Women’s participation in rallies is not in committees: Brinda karat