എല്ലാ വിഭജനങ്ങള്‍ക്കും മേലെ മനുഷ്യര്‍ ഒന്നാകുന്ന കാഴ്ചയായിരുന്നു ഖത്തര്‍ ലോകകപ്പ് ഉദ്ഘാടനം; സമസ്തയുടെ നിലപാട് പിന്തിരിപ്പന്‍; ഡി.വൈ.എഫ്.ഐ
Kerala News
എല്ലാ വിഭജനങ്ങള്‍ക്കും മേലെ മനുഷ്യര്‍ ഒന്നാകുന്ന കാഴ്ചയായിരുന്നു ഖത്തര്‍ ലോകകപ്പ് ഉദ്ഘാടനം; സമസ്തയുടെ നിലപാട് പിന്തിരിപ്പന്‍; ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th November 2022, 9:59 pm

തിരുവനന്തപുരം: ഫുട്‌ബോള്‍ ലഹരിക്കെതിരെ എന്ന പേരില്‍ സമസ്ത കൈക്കൊണ്ട നിലപാട് നിര്‍ഭാഗ്യകരവും സങ്കുചിതവുമാണെന്ന് ഡി.വൈ.എഫ്.ഐ. ദേശ-വര്‍ണ-ഭാഷാ-ജാതി-മത-ലിംഗ ഭേദഭങ്ങള്‍ക്ക് അതീതമായി മനുഷ്യരെല്ലാവരും ഒരു പന്തിലേക്ക് ചുരുങ്ങുന്ന സമയമാണ് വേള്‍ഡ് കപ്പെന്നും ആ സമയത്തും മതത്തിന്റെ പേരില്‍ വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലരെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയാണ് പ്രസ്തവാന പുറത്തുവിട്ടിരിക്കുന്നത്.

‘പലതരം വിഭജന യുക്തികള്‍ മനുഷ്യരെ അകറ്റുന്ന കാലത്ത് അവയെ എതിര്‍ത്തു കൊണ്ട് കൈകള്‍ കോര്‍ത്തു പിടിക്കാന്‍ ഉതകുന്ന ഒരു ഉത്സവം. അതാണ് ഖത്തര്‍ വേള്‍ഡ് കപ്പിന്റെ ഉദ്ഘാടന വേളയില്‍ കണ്ട മനോഹരമായ ദൃശ്യങ്ങള്‍. എന്നാല്‍ അങ്ങനെ മനുഷ്യര്‍ ഒന്നായി നില്‍ക്കുന്ന സമയത്തും മതത്തിന്റെ വിഭജന യുക്തിയുമായി ദോഷൈകദൃക്കുകള്‍ അവതരിക്കുന്നത് പിന്തിരിപ്പന്‍ നിലപാടും നിര്‍ഭാഗ്യകരവുമാണ്,’ ഡി.വൈ.എഫ്.ഐ പറഞ്ഞു.

യുദ്ധത്തിനും വംശീയതക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ രാഷ്ട്രീയ മുദ്രാവാക്യമായി നിലകൊണ്ട ചരിത്ര പാരമ്പര്യമാണ് ഫുട്‌ബോളിനുള്ളത്. അങ്ങനെയൊരു കായിക മേളയുടെ ആഘോഷത്തെ മതത്തെ കൂട്ട് പിടിച്ച് സങ്കുചിതമാക്കാന്‍ ശ്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

ഫുട്‌ബോളിനെ ലഹരി എന്ന രീതിയില്‍ അഭിസംബോധന ചെയ്തതിനും ആരാധകര്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ ഉയര്‍ത്തുന്നതിനെ വിമര്‍ശിച്ചതിനും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ മറുപടി നല്‍കുന്നുണ്ട്.

‘മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന യുവതയുടെ ഭീതിദമായ വാര്‍ത്തകള്‍ മുന്നിലുള്ളപ്പോള്‍ ഫുട്‌ബോള്‍ ലഹരി യുവാക്കള്‍ക്ക് ആരോഗ്യകരമായ ആവേശം മാത്രമാണ്. വിവിധ രാജ്യങ്ങളുടെ പതാകകള്‍ ഗ്രാമങ്ങളില്‍ ഉയര്‍ത്തുക വഴി സങ്കുചിത ദേശീയതയുടെ അതിരുകള്‍ കൊണ്ട് മനുഷ്യന്‍ ചുരുക്കിയ വരമ്പുകള്‍ സാഹോദര്യത്തിന്റെ സാര്‍വ ദേശീയതയുടെ സൗന്ദര്യത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് അതിന് കാരണമാകുന്നുണ്ടെങ്കില്‍ ആഹ്ലാദത്തോടെ അതിനെ വരവേല്‍ക്കുകയാണ് വേണ്ടത്,’ ഡി.വൈ.എഫ്.ഐ മറുപടിയില്‍ പറയുന്നു.

ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിനിടെ ഫുട്ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള മുന്നറിയപ്പുമായിട്ടായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖുത്വുബ കമ്മിറ്റിയുടെ പ്രസ്താവന എത്തിയിരുന്നത്. ഈ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്.

കളിയെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആരാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

‘ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത്കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍ നിന്ന് ഒരു വിശ്വാസിയെയും പുറകോട്ടെടുപ്പിക്കരുത്,’ഖുത്വുബ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.

പള്ളികളില്‍ വെള്ളിയാഴ്ച ജുമഅക്ക് ശേഷം ഇതുസംന്ധിച്ച് നിര്‍ദേശം നല്‍കുമെന്ന് ഖുത്വുബ സംസ്ഥാന കമ്മിറ്റിസംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

കളിയെ കളിയായി മാത്രം കാണേണ്ടതുണ്ടെന്നും അതിനപ്പുറത്തുള്ള ഒരുതരം ജ്വരത്തിലേക്ക് മാറ്റരുതെന്നും നാസര്‍ ഫൈസി പറഞ്ഞു. തങ്ങള്‍ പുതിയ തലമുറയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്, പക്ഷെ അത് ജ്വരമായി മാറരുത്. വമ്പിച്ച ധൂര്‍ത്ത് നടത്തുന്നതും ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഫുട്ബോളിനെ കാണണം. അതിന് പകരം ഒരു താരാരാധനയിലേക്കും, അന്യ ദേശത്തിന്റെ പതാകകള്‍ സ്വന്തം ദേശത്തെക്കാളേറെ സ്നേഹിക്കത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍, ഭക്ഷണത്തിന് പോലും മനുഷ്യന്‍ പ്രയാസമനുഭവിക്കുമ്പോള്‍, വലിയ സമ്പത്താണ് കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റും ചെലവഴിക്കുന്നത്.

കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുന്നതിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്. പലരും പള്ളികളില്‍ പ്രാര്‍ത്ഥനക്ക് എത്തേണ്ട സമയത്ത്, കളി കാണാന്‍ വേണ്ടി സമയം ചെലഴിക്കുകയാണ്,’ നാസര്‍ ഫൈസി പറഞ്ഞു.

മുമ്പും സമസ്ത ഇത്തരം ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. ഇതില്‍ ഒരു യാഥാസ്ഥിതികത ഇല്ലെന്നും പുരോഗമനവാദികള്‍ എന്ന് പറയുന്നവര്‍ പോലും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളി കളിയായി കണ്ട് മാത്രം അതിനെ ആസ്വദിക്കാനാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖുത്വുബ കമ്മിറ്റി നിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: DYFI against Samastha over the football fans in Kerala