ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണം; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
World News
ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണം; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2023, 9:31 am

ഗാസ: ഫലസ്തീനിലെ ജനീനില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ ജൂത കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. ഇസ്രഈല്‍ സൈന്യവും പൊലീസും നോക്കി നില്‍ക്കെ റാമല്ലയിലെ ഒരു ഗ്രാമം മുഴുവന്‍ ജൂത കുടിയേറ്റക്കാര്‍ കത്തിനശിപ്പിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 30ഓളം വീടുകളും 40ഓളം കാറുകളും അഗ്നിക്കിരയായി. സൈന്യത്തിന്റേയും പൊലീസിന്റേയും അകമ്പടിയോടെയെത്തിയ നൂറുകണക്കിന് വരുന്ന സായുധധാരികളായ അക്രമികള്‍ വെസ്റ്റ് ബാങ്കിലെ നിരവധി പ്രദേശങ്ങള്‍ ആക്രമിച്ചിട്ടുണ്ട്.

ജനീനിലെ ഇസ്രഈല്‍ സൈന്യത്തിന്റെ കൂട്ടക്കൊലക്ക് മറുപടിയായി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഫലസ്തീന്‍ ഗ്രാമങ്ങള്‍ ചുട്ടെരിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രഈലുകാര്‍ കൊല്ലപ്പെട്ടിരുന്നു.

അല്‍ ലുബാന്‍ ഗ്രാമത്തിലെത്തിയ ഇസ്രഈല്‍ കുടിയേറ്റ സംഘം വീടുകള്‍ കൊള്ളയടിക്കുകയും നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നു. പ്രതിരോധിക്കാനെത്തിയ ഫലസ്തീനികള്‍ക്ക് നേരെ സൈന്യം ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഒമര്‍ അബു കതാന്‍ (27) എന്നയാളെ ഇസ്രായേല്‍ പട്ടാളക്കാര്‍ വെടിവെച്ചുകൊന്നതായി ഫലസ്തീന്‍ ഡോക്ടര്‍മാര്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ ഡ്രോണ്‍ ഒരു കാറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

രാത്രി വൈകിയുണ്ടായ ആക്രമണം പ്രദേശത്തെ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നാണ് ഇസ്രഈല്‍ സൈന്യത്തിന്റെ വാദം. ജൂത വാസസ്ഥലങ്ങളില്‍ അടുത്തിടെ നടന്ന നിരവധി വെടിവെപ്പുകള്‍ക്ക് ഉത്തരവാദികളായ ഒരു തീവ്രവാദ സെല്ലിനെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വാഹനത്തെ ആക്രമിച്ചതെന്ന് ഇസ്രഈല്‍ സൈന്യം പറഞ്ഞു.

ഫലസ്തീനിലെ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിരവധി ലോക രാജ്യങ്ങളും ഫലസ്തീനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Content Highlights: palestine villages attacked by jewish encroachers and isreal army