കോഴിക്കോട് ബീച്ചില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എതിര്‍ത്ത സുഹൃത്തുക്കളെ മുക്കിക്കൊല്ലാന്‍ ശ്രമം
Kerala News
കോഴിക്കോട് ബീച്ചില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എതിര്‍ത്ത സുഹൃത്തുക്കളെ മുക്കിക്കൊല്ലാന്‍ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2023, 8:55 am

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും എതിര്‍ത്ത മറ്റ് കുട്ടികളെ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ക്വട്ടേഷന്‍ സംഘം തലവനും കൂട്ടാളികളും പിടിയില്‍.

പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന
പന്നിയങ്കര സ്വദേശി നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ് അലി (35), സാജര്‍ (35), ജാസിം (35) എന്നിവരെയാണ് കൊഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാവിലെ പാലക്കാട്ടുനിന്ന് സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് നൈനൂക്ക് ലൈംഗിക അതിക്രമം നടത്തിയത്. തടയാന്‍ ശ്രമിച്ച മറ്റുകുട്ടികളെ നൈനൂക്കും നിഷാദ് അലിയും കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.

പന്നിയങ്കരയിലെ വീട്ടില്‍ എത്തിയ പൊലീസിന് നേരെ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ സാഹസികമായിട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതിനിടയിലുള്ള മല്‍പ്പിടിത്തത്തിനിടയില്‍ ഒരു പൊലീസുകാന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സുഭാഷ് ചന്ദ്രന്‍, ജിബിന്‍ ജെ. ഫ്രഡി, മുഹമ്മദ് സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlight: news report  Girl sexually assaulted on Kozhikode beach