പാലക്കാട് വോട്ടിന് നോട്ട്: എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Kerala
പാലക്കാട് വോട്ടിന് നോട്ട്: എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
അനിത സി
Wednesday, 8th April 2026, 10:05 pm

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടിന് പണം നല്‍കിയെന്ന കേസില്‍ പൊലീസ് എന്‍.ഡി.എ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു.

പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പണവും പാരിതോഷികവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ 123(എ),123(എ1) വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടി കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലുള്ള പടിഞ്ഞാമുറി വീട്ടില്‍ ദേവു എന്ന വോട്ടര്‍ക്ക് എന്‍.ഡി.എ പ്രതിനിധികള്‍ പണം നല്‍കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫ്‌ളയിങ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഫ്‌ളയിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

തെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണം പുരോഗമിക്കവെയാണ് പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി പണം നല്‍കിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരു വോട്ടര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തെത്തുകയും ചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പണം വിതരണമെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു.

വയോധികയായ ഒരു വോട്ടര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പണം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രദേശത്തെ ഒരു മരണവീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും സംഘവും.

മരണവീട്ടിലെ സന്ദര്‍ശനത്തിന് ശേഷം തൊട്ടടുത്ത വീട്ടിലെത്തിയ സംഘം അവിടെയുണ്ടായിരുന്ന വൃദ്ധയുമായി സംസാരിക്കുകയും തുടര്‍ന്ന് കൈവശം കരുതിയിരുന്ന പണം നല്‍കുകയുമായിരുന്നു. ഈ സമയം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പുറത്ത് കാറിലുണ്ടായിരുന്നു.

പണം നല്‍കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതോടെ ശോഭ സുരേന്ദ്രനുമായി വാക്കേറ്റവുമുണ്ടായി.

സംഭവം മാധ്യമ ശ്രദ്ധയാകര്‍ഷിച്ചതോടെ വോട്ടിന് പണം നല്‍കിയിട്ടില്ലെന്നും പണം നല്‍കാന്‍ പോയ സ്ത്രീയെ അറിയില്ലെന്നും എല്ലാം കോണ്‍ഗ്രസിന്റെ തിരക്കഥയാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ ബി.ജെ.പിയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി പണമൊഴുക്കുന്നു എന്ന ആരോപണം നേരത്തെയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഉയര്‍ത്തിയിരുന്നു.

Content Highlight: Palakkad vote for note: Police register case against NDA workers

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.