ഷെഹബാസ് ഷെരീഫ് അമേരിക്കന്‍ അടിമയെന്ന് ഇമ്രാന്‍ ഖാന്‍; 'ഭിക്ഷക്കാര്‍ തെരഞ്ഞെടുപ്പുകാരാവില്ല' കമന്റിലുറച്ച് ഷെരീഫ്
World News
ഷെഹബാസ് ഷെരീഫ് അമേരിക്കന്‍ അടിമയെന്ന് ഇമ്രാന്‍ ഖാന്‍; 'ഭിക്ഷക്കാര്‍ തെരഞ്ഞെടുപ്പുകാരാവില്ല' കമന്റിലുറച്ച് ഷെരീഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2022, 8:19 am

ഇസ്‌ലാമാബാദ്: ഭിക്ഷക്കാര്‍ തെരഞ്ഞെടുപ്പുകാരാവില്ല (beggars can’t be choosers) എന്ന കമന്റില്‍ ഉറച്ചുനിന്ന് പാകിസ്ഥാന്റെ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫ്.

മെച്ചപ്പെട്ട നതന്ത്രബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന് അമേരിക്കയെ തങ്ങള്‍ പ്രീണിപ്പിക്കുന്നുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കവെയായിരുന്നു ഷെഹബാസ് ഷെരീഫിന്റെ കമന്റ്. ”ഭിക്ഷക്കാര്‍ തെരഞ്ഞെടുപ്പുകാരാവില്ല, ദയവായി മനസിലാക്കുക,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

”ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ സ്വതന്ത്രമാക്കി. നമ്മുടെ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കേണ്ടതുണ്ട്. ആരോടും പോരാടാനോ മറ്റുള്ളവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാനോ നമുക്കാവില്ല.

ആരാണ് നമ്മള്‍. അതിജീവത്തിന് വേണ്ടി പോരാടുന്ന രാജ്യമാണ് നമ്മള്‍,” പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (പി.എം.എല്‍) (നവാസ്) നേതാവ് ഷഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

ഷഹബാസ് ഷെരീഫിനെതിരെ അഭിമുഖങ്ങളിലൂടെയും മറ്റും രൂക്ഷവിമര്‍ശനമാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തുന്നത്. നേരത്തെ ഷെഹബാസ് ഷെരീഫ് ‘അമേരിക്കയുടെ അടിമയാണ്’ (slave of America) എന്ന പരാമര്‍ശവും ഇമ്രാന്‍ ഖാന്‍ നടത്തിയിരുന്നു.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുണ്ടെന്ന ആരോപണങ്ങളുടെ ഭാഗമായിട്ടാണ് ഖാന്‍ ഷെഹബാസ് ഷെരീഫിനെതിരെ ആരോപണമുയര്‍ത്തിയത്.

അവിശ്വാസ പ്രമേയം വിജയിച്ച് ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടി വന്നാല്‍ അടുത്ത പ്രധാനമന്ത്രിയായി ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഷെഹബാസ് ഷെരീഫിനാണ്.

തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ആരോപിച്ചത്. ആരോപണം തെളിയിക്കാന്‍ തന്റെ കയ്യില്‍ കത്തുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ തങ്ങളുടെ ഒരു ഉദ്യോഗസ്ഥരും ഏജന്‍സികളും പാകിസ്ഥാനിലേക്ക് കത്തയച്ചിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റഷ്യ ഉക്രൈനില്‍ അധിനിവേശം ആരംഭിച്ച ദിവസം ഇമ്രാന്‍ ഖാന്‍ മോസ്‌കോ സന്ദര്‍ശിക്കുകയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

റഷ്യക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ അമേരിക്കയെ ചൊടിപ്പിച്ചുണ്ടാകുമെന്നും അതുകൊണ്ട് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമം നടത്തിയെന്നുമായിരുന്നു ഇതോടെ പുറത്തുവന്ന വിലയിരുത്തലുകള്‍. ഇതാണ് യു.എസ് നിഷേധിച്ചത്.

അതേസമയം പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഏപ്രില്‍ മൂന്ന്, ഞായറാഴ്ച നടക്കും.

342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണ നേടേണ്ടതുണ്ട്.

ഭരണകക്ഷിയായ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിക്ക് 155 സീറ്റുകളാണുള്ളത്. 2018ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് 179 അംഗങ്ങളുമായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

സഖ്യകക്ഷികളില്‍ ചിലര്‍ പിന്തുണ പിന്‍വലിച്ചതോടെ നിലവില്‍ ഇമ്രാന്റെ സര്‍ക്കാരിന് 164 പേരുടെ പിന്തുണയാണുള്ളത്.

ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Pakistan opposition leader Shahabaz Sharif defends ‘beggars can’t be choosers’ remark after Imran Khan’s ‘American slave’ jibe