ആറാം തമ്പുരാനില്‍ ഷാജി കൈലാസിന് പകരം ആ ഭാഗം ഷൂട്ട് ചെയ്തത് പ്രിയദര്‍ശനായിരുന്നു: എം.പത്മകുമാര്‍
Entertainment
ആറാം തമ്പുരാനില്‍ ഷാജി കൈലാസിന് പകരം ആ ഭാഗം ഷൂട്ട് ചെയ്തത് പ്രിയദര്‍ശനായിരുന്നു: എം.പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 4:42 pm

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യര്‍, പ്രിയാരാമന്‍, സായ്കുമാര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തി 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആറാം തമ്പുരാന്‍. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരുന്നത്. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചത് എം. പത്മകുമാറാണ്.

ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ ഹരിമുരളീരവം എന്ന ഗാനത്തിന്റെ ഒരു ചെറിയ ഭാഗം സംവിധാനം ചെയ്തത് പ്രിയദര്‍ശനാണെന്ന് പത്മകുമാര്‍ പറയുന്നു. പ്രിയദര്‍ശനാണ് ആ പാട്ടിന്റെ കുറച്ച് ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്തതെന്നും മുഴുവനും അദ്ദേഹം ചെയ്തിട്ടില്ലെന്നും പത്മകുമാര്‍ പറയുന്നു.

മദിരാശിയില്‍ ആയിരുന്നു പാട്ടിന്റെ ചിത്രീകരണമെന്നും ആ സമയത്ത് ഷാജി കൈലാസിന്റെ ഭാര്യ ആനി ഡെലിവറിയോട് അടുത്ത സമയമായതിനാല്‍ അദ്ദേഹത്തിന് അങ്ങോട്ട് പോകേണ്ടി വന്നുവെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ പ്രിയദര്‍ശനാണ് രണ്ട് ദിവസം ഗാനത്തിന്റെ ഒരു ഭാഗം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഷാജി കൈലാസിന്റെ ഷോട്ടുകളാണ് ആറാം തമ്പുരാന്‍ എന്ന സിനിമയെ മികച്ചതാക്കുന്നെന്നും പത്മകുമാര്‍ പറഞ്ഞു. ഓണ്‍ ലുക്കേഴ്‌സ് മീഡിയ എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലെ ഒരു പാട്ടിന്റെ കുറച്ച് ഭാഗങ്ങളെല്ലാം പ്രിയദര്‍ശനാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഹരിമുരളീരവം എന്ന പാട്ടിന്റെ ഒരു ചെറിയ പോര്‍ഷന്‍ അദ്ദേഹമാണ് ചെയ്തത്. മുഴുവനുമല്ല ഒരു ഭാഗം. കാരണം ആ സമയത്ത് മദിരാശിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഷാജിയേട്ടന്റെ ഭാര്യ ആനിയുടെ ആദ്യത്തെ ഡെലിവറി ആയിരുന്നു. അപ്പോള്‍ പുള്ളി രണ്ട് ദിവസം തിരുവനന്തപുരത്ത് പോയിരുന്നു. ആ സമയത്ത് ഒന്നോ രണ്ടോ ദിവസം പാട്ടിന്റെ കുറച്ച് പോര്‍ഷന് മാത്രം ഷൂട്ട് ചെയ്തു. വേറെ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല.

എനിക്ക് തോന്നുന്നു ആറാം തമ്പുരാന്‍ എന്ന സിനിമക്ക് അത്രയും ഒരു ഹൈപ്പ് ഉണ്ടാക്കിയെടുത്തത് ഷാജി കൈലാസിന്റെ ഷോട്ടുകളാണ്. ഇങ്ങനത്തെ ഒരു സ്‌ക്രിപ്റ്റിന് ഷാജി കൈലാസിന്റെ ഷോട്ടുകള്‍ കൂടെ ചേരുമ്പോള്‍ രഞ്ജിത്തിന്റെ ഒരു സ്‌ക്രിപ്റ്റ് ഷാജി കൈലാസിന്റെ ഒരു ഷോട്ടുകള്‍ എന്ന് പറയുമ്പോള്‍ ആ ഒരു കോമ്പിനേഷനാണ് അതിനകത്ത് ഏറ്റവും വര്‍ക്ക് ആയിട്ടുള്ളത്,’ എം. പത്മകുമാര്‍ പറയുന്നു.

Content highlight: Padmakumar says that Priyadarshan directed a small portion of the song Harimuraleeravam in the movie Aaraam Thampuran.