പാവകഥൈകളില്‍ സത്താറായി ആദ്യം പരിഗണിച്ചിരുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ, മലയാളത്തിലെ ഈ മൂന്ന് നായകരെയും നോക്കി; വെളിപ്പെടുത്തി സുധാകൊങ്കാര
web stream
പാവകഥൈകളില്‍ സത്താറായി ആദ്യം പരിഗണിച്ചിരുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ, മലയാളത്തിലെ ഈ മൂന്ന് നായകരെയും നോക്കി; വെളിപ്പെടുത്തി സുധാകൊങ്കാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th December 2020, 4:15 pm

ചെന്നൈ: നെറ്റ്ഫ്ളിക്സിന് വേണ്ടി സുധാകൊങ്കാര, വിഗ്‌നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതില്‍ സുധാ കൊങ്കാര സംവിധാനം ചെയത തങ്കം സിനിമയിലെ കാളിദാസ് ജയറാമിന്റെ പെര്‍ഫോമന്‍സ് ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായിട്ടായിരുന്നു ചിത്രത്തില്‍ കാളിദാസ് എത്തിയത്.

എന്നാല്‍ ചിത്രത്തില്‍ കാളിദാസ് ജയറാമിനെ മറ്റൊരു റോളിലായിരുന്നു പരിഗണിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക സുധാകൊങ്കാര.

സിനിമ വികടന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുധയുടെ വെളിപ്പെടുത്തല്‍. തന്റെ ചിത്രത്തില്‍ സത്താര്‍ എന്ന റോള്‍ ചോദിച്ച് വാങ്ങാന്‍ എന്തായിരുന്നു കാരണമെന്ന് കാളിദാസിനോട് അഭിമുഖത്തിനിടെ സുധ ചോദിക്കുകയായിരുന്നു.

ചിത്രത്തില്‍ താന്‍ ആദ്യം കാളിയെ സത്താറായി പരിഗണിച്ചിരുന്നില്ലെന്നും ഈ റോളിലേക്കായി ആദ്യം പരിഗണിച്ചത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായിരുന്നെന്നും എന്നാല്‍ പറ്റിയ ആളെ ലഭിക്കാതെ ആയതോടെ മലയാളത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് താരങ്ങളെ സമീപിച്ചെന്നും സുധ കൊങ്കാര പറഞ്ഞു.

തുടര്‍ന്ന് അത് ആരായിരുന്നെന്ന ചോദ്യത്തിന് ആദ്യം പരിഗണിച്ചത് ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നെന്നും എന്നാല്‍ താന്‍ കംഫെര്‍ടബിള്‍ ആവില്ലെന്ന് പറഞ്ഞതോടെ മറ്റ് ചില നായകരെയും പരിഗണിച്ചെന്നും സുധ പറഞ്ഞു.

ഒരു താരം കഥ ഇഷ്ടപ്പെടുകയും സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു പക്ഷേ താടിയും മുടിയും മറ്റു പടങ്ങള്‍ക്കായി വളര്‍ത്തുന്നതിനാല്‍ ഡേറ്റ് ഇഷ്യു കാരണം മാറിയെന്നും എന്നാല്‍ പേര് പറയുന്നില്ലെന്നും സുധ പറഞ്ഞു. മികച്ച ഒരു അഭിനേതാവ് ആണെന്ന് മാത്രം അവതാരകന്റെ ചോദ്യത്തിന് ഉത്തരമായി സുധ കൊങ്കാര പറഞ്ഞു.

നിവിന്‍ പോളിയോടും താന്‍ കഥ പറഞ്ഞിരുന്നെന്നും എന്നാല്‍ മൂത്തോനില്‍ സമാന സ്വഭാവമുള്ള വേഷം ചെയ്തതിനാല്‍ നിവിനും പിന്‍മാറുകയായിരുന്നെന്നും സുധ പറഞ്ഞു.

പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് പാവകഥൈകളില്‍ നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രണയം എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

ആര്‍.എസ്.വി.പി മൂവിസും ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നേരത്തെ ആമസോണ്‍ പ്രൈമിന് വേണ്ടി പുത്തംപുതു കാലൈ എന്ന ആന്തോളജി പുറത്തിറങ്ങിയിരുന്നു.

സുഹാസിനി മണിരത്‌നം, സുധാകൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, എന്നിവരുടെ നേതൃത്വത്തിലാണ് പുത്തംപുതുകാലൈ ചിത്രം ഒരുങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Paava Kadhaigal’ was not initially considered by Kalidas Jayaram, but by three Malayalam actors, reveals Director Sudhakonkara