ന്യൂദല്‍ഹി: സി.ജെ.പി സഹ കണ്‍വീനര്‍മാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും ജന്തര്‍ മന്തറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍.

നമ്മുടെ സ്വന്തം രാജ്യത്ത് നമ്മുടെ സ്വന്തം പതാക വീശുന്നത് കുറ്റകരമാണോയെന്ന് അരവിന്ദ് കെജ് രിവാള്‍ ചോദിച്ചു. സൗരവിനെയും അശുതോഷിനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടപടി തീര്‍ത്തും അസംബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എത്ര പ്രതിഷേധക്കാരെ തടവിലാക്കാന്‍ കഴിയും

ഈ സര്‍ക്കാരിന് എത്ര പ്രതിഷേധക്കാരെ തടവിലാക്കാന്‍ കഴിയുമെന്ന് എം.കെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു. എത്ര യുവ ശബ്ദങ്ങളെ ബി.ജെ.പിക്ക് നിശബ്ദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗരവിനും അശുതോഷിനും ഐക്യദാര്‍ഢ്യം. അവര്‍ക്ക് ആവശ്യമായ എല്ലാ നിയമസഹായവും പിന്തുണയും നല്‍കാന്‍ ഡി.എം.കെ സജ്ജമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ അവര്‍ എത്രയധികം യുവാക്കളെ ജയിലിലടയ്ക്കുന്നുവോ, അത്രയധികം സാധാരണ പൗരന്മാര്‍, യാതൊരു രാഷ്ട്രീയ ബന്ധവുമില്ലാത്തവര്‍, തെരുവിലിറങ്ങുകയും ജനങ്ങളുടെ യഥാര്‍ത്ഥ ശക്തി അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഗുണ്ടകളില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും രാജ്യത്തെ തിരിച്ചുപിടിക്കും

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും അഭിഷേക് ബാനര്‍ജിയും സി.ജെ.പി നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു. ‘ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഗുണ്ടകളില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും ഈ രാജ്യത്തെ ഞങ്ങള്‍ തിരിച്ചുപിടിക്കും,’ എന്ന് മഹുവ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

സൗരവും അശുതോഷും ജന്തര്‍ മന്തറില്‍ കടന്നത് ക്രിമിനല്‍ കുറ്റമാകാന്‍ വഴിയില്ല. എന്നിട്ടും സുപ്രീം കോടതി മൗനം പാലിക്കുകയാണെങ്കില്‍, നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുന്നതില്‍ അവര്‍ക്കും പങ്കുണ്ട് എന്നാണര്‍ത്ഥമെന്നും മഹുവ പറഞ്ഞു.

സി.ജെ.പി പ്രവര്‍ത്തകര്‍ എവിടെയാണ് അതിക്രമിച്ചു കയറിയത്. ജന്തര്‍ മന്തര്‍ പൗരന്മാരുടേതാണ്. അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. സൗരവിനും അശുതോഷിനും ആ അവകാശമുണ്ട്. ദല്‍ഹി മോദിയുടെ അച്ഛന്റെ സ്വത്തല്ലെന്നും മഹുവ പറഞ്ഞു.

സ്വന്തം രാജ്യത്ത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും വീശുകയും ചെയ്തതിന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യുകയാണ് ‘ഏറ്റവും വലിയ ദേശീയവാദികള്‍’ എന്ന് അവകാശപ്പെടുന്നവരെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു. പതാക ഉയര്‍ത്തുന്നതും കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ ക്രമസമാധാന ലംഘനമാണ്. ബി.ജെ.പിയുടെ പുതിയ ‘പാകിസ്ഥാന്‍വല്‍ക്കരിക്കപ്പെട്ട’ ഭാരതത്തിലേക്ക് സ്വാഗതമെന്നും അദ്ദേഹം കുറിച്ചു.

ദേശീയ പതാക കൈയ്യിലേന്തുന്നത് എപ്പോഴാണ് ഒരു കുറ്റകൃത്യമായി മാറിയത്

നമ്മുടെ സ്വന്തം രാജ്യത്ത്, യുവ ഇന്ത്യക്കാര്‍ തങ്ങളുടെ ദേശീയ പതാക കൈയ്യിലേന്തുന്നത് എപ്പോഴാണ് ഒരു കുറ്റകൃത്യമായി മാറിയതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ ചോദിച്ചു. ‘

‘ജന്തര്‍ മന്തറില്‍ വെച്ച് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന് സൗരവിനെയും അശുതോഷിനെയും ഭരണകൂടം ജയിലിലടച്ചിരിക്കുന്നു! നമ്മുടെ സ്വന്തം രാജ്യത്ത്, യുവ ഇന്ത്യക്കാര്‍ തങ്ങളുടെ ദേശീയ പതാക കൈയ്യിലേന്തുന്നത് എപ്പോഴാണ് ഒരു കുറ്റകൃത്യമായി മാറിയത്?

ഈ ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കുന്നത് വരെ, ഭരണകൂടവും രാജ്യസ്‌നേഹികളായ യുവ ഇന്ത്യക്കാരും തമ്മിലുള്ള ഈ പോരാട്ടം തുടരുക തന്നെ ചെയ്യും,’ ആദിത്യ താക്കറെ എക്‌സില്‍ കുറിച്ചു.

ജന്തര്‍ മന്തറില്‍ അതിക്രമിച്ച് കയറിയെന്ന കേസിലാണ് അശുതോഷിനെയും സൗരവിനെയും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കസ്റ്റഡിയിലേക്ക് മാറ്റിയത്. കേസില്‍ കസ്റ്റഡിയിലായിരുന്ന മറ്റൊരു സി.ജെ.പി നേതാവായ അജിങ്ക്യ ഷിന്‍ഡെയെ പൊലീസ് വ്യക്തിഗത ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

ഇന്നലെയാണ് (ഒക്ടോബര്‍ 13, ചൊവ്വ) പൊലീസ് വിലക്ക് മറികടന്ന് ജന്തര്‍ മന്തറിലേക്കുള്ള വഴിയിലേക്ക് ഗെയ്റ്റ് ചാടിക്കടന്ന് അശുതോഷ്, സൗരവ്, അജിങ്ക്യ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം സി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറിലെത്തി ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തത്.

Content Highlight:   Opposition Leaders MK Stalin, Mahua Moitra and Kejrival Slams Judicial Custody of Saurav Das and Ashuthosh Ranka