തെലുങ്കില്‍ നിന്ന് പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രമാണ് കണ്ണപ്പ. തെലുങ്കിലെ പഴയകാല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബു നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മോഹന്‍ ബാബുവിന്റെ മകന്‍ വിഷ്ണു മഞ്ചുവാണ്. ശിവഭക്തനായ കണ്ണപ്പ എന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്. വന്‍ ബജറ്റിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യയിലെ വലിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രധാന രംഗങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുമായി ഓഫീസ് ബോയ് കടന്നുകളഞ്ഞു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മുംബൈയില്‍ നിന്ന് വി.എഫ്.എക്‌സ് കമ്പനി പ്രൊഡക്ഷന്‍ ഹൗസിന് അയച്ചുകൊടുത്ത ഹാര്‍ഡ് ഡ്രൈവാണ് നഷ്ടമായിരിക്കുന്നത്. രഘു എന്ന് പേരുള്ള ഓഫീസ് ബോയ്‌യാണ് ഇതിന് പിന്നില്‍
ഹാര്‍ഡ് ഡ്രൈവ് നഷ്ടമായതിന് പിന്നാലെ നിര്‍മാതാക്കള്‍ ഫിലിംനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഇത് നടന്നത്. ഏകദേശം 200 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയ, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായത്.
ഈ വര്‍ഷം മാര്‍ച്ചില്‍ കണ്ണപ്പ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് ഏപ്രിലിലേക്കും പിന്നീട് ജൂണിലേക്കും മാറ്റുകയായിരുന്നു. ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് ഇത്തരമൊരു പ്രതിസന്ധി നേരിട്ടിരിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ചിത്രം പറഞ്ഞ ദിവസം പുറത്തിറങ്ങുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ കണ്ണപ്പയില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ശിവനായി വേഷമിടുമ്പോള്‍ കാജല്‍ അഗര്‍വാള്‍ പാര്‍വതിയായി എത്തുന്നു. തെലുങ്ക് സൂപ്പര്‍താരം പ്രഭാസും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ സാന്നിധ്യവും കണ്ണപ്പയിലുണ്ട്.
പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക. മോഹന്‍ബാബു, ശരത് കുമാര്‍, മുകേഷ് ഋഷി, ബ്രഹ്‌മാജി, കരുണാസ്, ബ്രഹ്‌മാനന്ദം തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളിയായ സ്റ്റീഫന്‍ ദേവസ്സിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു മഞ്ചുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറിക്കൊപ്പം എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കണ്ണപ്പ നിര്‍മിക്കുന്നത്.
Content Highlight: Office boy runs away with the hard disc of Kannappa Movie