ഒഡിഷ ട്രെയിന്‍ ദുരന്തം; രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ സഹായത്തിനിറങ്ങണം: ഖാര്‍ഗെ
national news
ഒഡിഷ ട്രെയിന്‍ ദുരന്തം; രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ സഹായത്തിനിറങ്ങണം: ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd June 2023, 7:04 pm

ന്യൂദല്‍ഹി: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായം നല്‍കാന്‍ വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

രാഷ്ട്രീയ പാര്‍ട്ടി എന്ന വേര്‍തിരിവില്ലാതെ എല്ലാവരും സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഖാര്‍ഗെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

‘രാഷ്ട്രീയ പാര്‍ട്ടി പരിഗണിക്കാതെ എല്ലാവരും മുന്നില്‍ വന്ന് സഹായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു.

റെയില്‍വേ മന്ത്രിയോടും പ്രധാനമന്ത്രിയോടും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. എന്തുകൊണ്ട് ഇത് ആവര്‍ത്തിക്കുന്നതെന്ന ഉത്തരം പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഇന്ന് നമുക്ക് ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ആശ്വാസം നല്‍കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയും അദ്ദേഹം ആശങ്കകള്‍ അറിയിച്ചിരുന്നു.

‘ഒഡിഷയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍ പെട്ട സംഭവത്തില്‍ അതീവ ദുഖമുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമുണ്ട്,’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അതേസമയം സംഭവസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപകട സ്ഥലം സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ട ചരക്ക് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ പാളം തെറ്റുകയും ആ സമയം അതുവഴി വന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

നിലവില്‍ രക്ഷാദൗത്യം പൂര്‍ത്തിയായിട്ടുണ്ട്. ഇതുവരെ 288 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 56 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. 780 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

content highlight: Odisha train disaster; No political party should come to the rescue: Kharge