ജനകീയ ആരോഗ്യ കേന്ദ്രം തുണയായി; മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് പുതുജീവിതം; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
Kerala News
ജനകീയ ആരോഗ്യ കേന്ദ്രം തുണയായി; മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് പുതുജീവിതം; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd June 2023, 5:38 pm

കൊച്ചി: എറണാകുളം രായമംഗലം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജോയിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രം.

സ്ട്രോക്ക് ബാധിച്ച ജോയിക്ക് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സമയോചിതമായി പ്രഥമ ശുശ്രൂക്ഷ നല്‍കി. അതിന് ശേഷം ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. ഇപ്പോഴത്തെ പതിമൂന്നാം വാര്‍ഡ് മെമ്പറാണ് ജോയി.

മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ യോഗത്തില്‍ അഭിനന്ദിച്ചു. ഈ യോഗത്തില്‍ പങ്കെടുത്ത ജോയ് തനിക്ക് ജനകീയ ആരോഗ്യ കേന്ദ്രത്തിലൂടെ കിട്ടിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തിയ ജോയിക്ക് ക്ഷീണം അനുഭവപ്പെട്ടു. ഉടന്‍ തന്നെ എം.എല്‍.എസ്.പി നേഴ്സ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ജോയിയെ പരിശോധിച്ചു. രക്തസമ്മര്‍ദവും, പ്രമേഹവും ഉയര്‍ന്ന നിലയിലായിരുന്നു. ഇടത് ഭാഗത്ത് തളര്‍ച്ചയും സംസാരത്തില്‍ കുഴച്ചിലുമുണ്ടായിരുന്നു. സ്ട്രോക്കിന്റെ ലക്ഷണമാണെന്ന് മനസിലാക്കി ജോയിയെ ഉടന്‍ തന്നെ സ്ട്രോക്ക് ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ജനകീയാരോഗ്യ കേന്ദ്രത്തിന്റെ സമയബന്ധിതമായ ഇടപെടല്‍ മൂലമാണ് തനിക്ക് ജീവിതം തിരിച്ച് കിട്ടിയതെന്ന് ജോയി പറഞ്ഞു.

‘എത്രയും വേഗം ആശുപത്രിയിലെത്താന്‍ സാധിച്ചത് കൊണ്ട് എനിക്കിന്ന് പൂര്‍ണ ആരോഗ്യവാനായിരിക്കാന്‍ സാധിക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകരുടെ ഉപദേശം കൊണ്ടാണ് വേഗത്തില്‍ ആശുപത്രിയില്‍ എത്താന്‍ സാധിച്ചത്. സമയബന്ധിതമായി എത്തിയത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ആരോഗ്യവനായിരിക്കാന്‍ സാധിച്ചു,’ അദ്ദേഹം പറഞ്ഞു.

സ്ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. ഗോള്‍ഡന്‍ അവറിനുള്ളില്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കും. ചിലപ്പോള്‍ മരണം വരെ സംഭവിക്കാം.

സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഫീല്‍ഡ് തലത്തില്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നടത്തി വരുന്നത്.

Contenthighlight: Assisted by the  center for public health ; New life for ex punchayath president