'കേരളം എങ്ങോട്ടാണ്'; നവാഗതരെ സ്വാഗതം ചെയ്യുന്ന സ്‌കൂളിലെ അറബിക് ബോര്‍ഡിനെതിരെ വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വവാദികള്‍
Kerala News
'കേരളം എങ്ങോട്ടാണ്'; നവാഗതരെ സ്വാഗതം ചെയ്യുന്ന സ്‌കൂളിലെ അറബിക് ബോര്‍ഡിനെതിരെ വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd June 2023, 3:58 pm

കോഴിക്കോട്: നവാഗതരെ വരവേല്‍ക്കാനായി കോഴിക്കോട് അച്യുതന്‍ ഗേള്‍സ് സ്‌കൂളിലെ അറബിക് ക്ലബ്ബ് സ്ഥാപിച്ച ബോര്‍ഡിനെതിരെ വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്ത്. സ്‌കൂള്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് അറബി ക്ലബ്ബ് സ്ഥാപിച്ച ഫ്‌ളക്‌സില്‍ ‘മഹ്‌റജാനുല്‍ ബിദായ’ അഥവാ നവാഗതരുടെ ഉത്സവം എന്ന് അര്‍ത്ഥം വരുന്ന അറബിയിലുള്ള തലക്കെട്ട് കണ്ടാണ് ഹിന്ദുത്വവാദികളുടെ ഈ വിദ്വേഷ പ്രതികരണം.

ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ട് ‘കോഴിക്കോട് അച്യുതന്‍ ഗേള്‍സ് സ്‌കൂളില്‍ പ്രവേശനോത്സവത്തിന് കണ്ട ബാനര്‍. കേരളം എങ്ങോട്ടാണ്?,’ എന്നാണ് തീവ്രഹിന്ദുത്വ വാദിയായ പ്രതീഷ് വിശ്വനാഥ് ചോദിക്കുന്നത്. ‘സഖാക്കളുടെ No.1 അല്‍ ഖേരള്‍’ എന്ന തലക്കെട്ടോടെയാണ് അഡ്വ. കൃഷ്ണരാജ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സ്‌കൂളിലെ ബോര്‍ഡിലെ അറബി വാചകത്തെ മാത്രം അടര്‍ത്തിയെടുത്ത് ഇസ്ലാമോഫോബിയ വളര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നാണ് പരക്കെ വിമര്‍ശനമുയരുന്നത്. അറബിക് ക്ലബ്ബിന്റെ ബോര്‍ഡിനെ വിദ്വേഷകരമായി വളച്ചൊടിക്കാനുള്ള നീക്കത്തെ നിരവധി പേര്‍ വിമര്‍ശിച്ച് രംഗത്തെത്തി.

ലോകത്ത് തന്നെ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഭാഷയില്‍ ഒന്നാണ് അറബിക് ഭാഷയെന്നും അത് കാണുമ്പോള്‍ ചിലര്‍ക്ക് ചൊറിച്ചില്‍ എന്തിനാണെന്നും അനീഷ് അരവിന്ദും ചോദിച്ചു.

ലേശം അറബി പഠിച്ചാല്‍ ഒന്നൂല്ലേലും ഗള്‍ഫില്‍ പോകേണ്ടി വന്നാലെങ്കിലും നിത്യജീവിതത്തില്‍ ഉപകാരപ്പെടുമെന്നാണ് അഗസ്റ്റിന്‍ ജോസഫിന്റെ മറുപടി.

ലോകത്ത് അറബി സംസാരിക്കുന്ന 40 കോടിയിലധികം ജനങ്ങളുണ്ടെന്നും താല്‍പര്യം ഉള്ളവര്‍ അത് പഠിക്കുന്നത് നല്ലതാണെന്നും മറ്റൊരാളും ചൂണ്ടിക്കാട്ടി.

നിരവധി പേരാണ് പ്രതീഷിന്റെ വിദ്വേഷ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും താഴെ കമന്റുകള്‍ ചെയ്യുന്നത്. പുരോഗമന കേരളത്തിന് കണ്ണ് തട്ടാതിരിക്കാന്‍ പ്രതീഷ് വിശ്വനാഥിനെ പോലെ പതിവായി വിദ്വേഷം പരത്തുന്ന ഒരാള്‍ നല്ലതാണെന്ന് മാധ്യമ പ്രവര്‍ത്തകനായ വി.എം മുഖ്തഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, കേരള നദുവത്തുല്‍ മുജാഹിദീന്റെ കീഴിലുള്ള മദ്രസകളിലെ ഒരു പാഠഭാഗം ചൂണ്ടിക്കാണിച്ച് കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പുസ്തകമാണെന്നുള്ള വ്യാപക പ്രചരണവും നടന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ എസ്.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകം എന്ന പേരില്‍ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകമല്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പാഠപുസ്തകം എന്ന പേരില്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: kozhikode school’s arabic welcome board was used for hate speech among hindu extremists