ഞങ്ങള്‍ അധികാര മോഹികളായ രാഷ്ട്രീയക്കാരല്ല; കര്‍ണാടകയില്‍ ജെ.ഡി.എസിനെ രക്ഷിക്കാനാണ് ശ്രമിച്ചത്: ദേവഗൗഡ
national news
ഞങ്ങള്‍ അധികാര മോഹികളായ രാഷ്ട്രീയക്കാരല്ല; കര്‍ണാടകയില്‍ ജെ.ഡി.എസിനെ രക്ഷിക്കാനാണ് ശ്രമിച്ചത്: ദേവഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 2:53 pm

ന്യൂദല്‍ഹി: തങ്ങള്‍ അധികാര മോഹികളായ രാഷ്ട്രീയ പ്രവര്‍ത്തകരല്ലെന്ന് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രിയോട് സംസാരിച്ചത് കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ സഖ്യത്തിനൊപ്പം ജെ.ഡി.എസ് ചേര്‍ന്നതിന് പിന്നാലെ ആദ്യമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേവഗൗഡ.

‘ഞങ്ങള്‍ അധികാര മോഹികളായ രാഷ്ട്രീയ പ്രവര്‍ത്തകരല്ല. ഞാന്‍ മോദിയെ കണ്ടിട്ടില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ആദ്യമായി ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചത്. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് വിശദീകരിച്ചിരുന്നു,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യം ചേരുന്നതിന് മുമ്പ് 19 എം.എല്‍.എമാരുമാരുടെയും എട്ട് എം.എല്‍.സിയുമാരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നും ബി.ജെ.പിയുമായി ധാരണയുണ്ടാക്കണമെന്നാണ് അവര്‍ പറഞ്ഞതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെ.ഡി.എസ് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ നേരിടുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.എയുമായി സഖ്യം ചേര്‍ന്നത്. തനിക്ക് പ്രധാനം കര്‍ണാടകയില്‍ ജെ.ഡി.എസിനെ രക്ഷിക്കുകയെന്നതാണ്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

2006ല്‍ ജെ.ഡി.എസ്-ബി.ജെ.പി സഖ്യസര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്നപ്പോഴും സമാന സാഹചര്യമായിരുന്നു. അന്ന് കേരളത്തിലെ സംസ്ഥാനഘടകം സ്വതന്ത്രമായി തീരുമാനമെടുത്താണ് നിന്നതെന്നും ദേവഗൗഡ പറഞ്ഞു. കേരളത്തിലെ ജെ.ഡി.എസ് ഘടകം മറ്റ് പാര്‍ട്ടികളുമായി ലയിക്കുന്ന കാര്യം ആലോചിച്ചിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രഖ്യാപനം.

Content Highlights: ‘Not Power-Hungry’claims JDS cheif Dev Gowda