ഇന്ത്യൻ സ്ത്രീകളിലെ 63% അർബുദ മരണങ്ങളും ഒഴിവാക്കാമായിരുന്നന്നതെന്ന് പഠനം
national news
ഇന്ത്യൻ സ്ത്രീകളിലെ 63% അർബുദ മരണങ്ങളും ഒഴിവാക്കാമായിരുന്നന്നതെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 1:45 pm

ന്യൂദൽഹി: അർബുദത്തിന്റെ കാരണം കണ്ടെത്തി ചികിത്സിച്ചിരുന്നെങ്കിൽ ഇന്ത്യൻ സ്ത്രീകൾക്കിടയിലെ 63% അർബുദ മരണങ്ങളും ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്ന് ലാൻസറ്റ് കമ്മീഷന്റെ പഠനം.

37% മരണങ്ങൾ സമയോചിതമായ ചികിത്സയിലൂടെ ഒഴിവാക്കാൻ സാധിച്ചുവെന്നും ലിംഗവും കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് 2020ലെ ഡാറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു.
മെഡിക്കൽ ഗവേഷണ പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന ലാൻസറ്റിന്റെ വിമൻ, പവർ ആൻഡ് കാൻസർ എന്ന ലാൻസറ്റ് കമ്മീഷൻ പഠനത്തിലാണ് കണ്ടെത്തലുകൾ പുറത്തുവന്നത്.

6.9 മില്യൺ അർബുദ മരണങ്ങൾ തടയാൻ സാധിക്കുമായിരുന്നെന്നും അതിൽ 4.03 മില്യൺ ആളുകളുടെ രോഗം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമായിരുന്നു എന്നുമാണ് പഠനത്തിൽ പറയുന്നത്.

സ്ത്രീകളുടെ ആരോഗ്യത്തോടുള്ള സമൂഹത്തിന്റെ നിസ്സംഗത, രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ, പ്രാഥമിക തലത്തിൽ വിദഗ്ധ ചികിത്സയുടെ അഭാവം എന്നിവ സ്ത്രീകൾക്കിടയിലെ കാൻസർ തടയുന്നതിനും രോഗം നിർണയിക്കുന്നതിനും ചികിത്സ നൽകുന്നതിനും കാലത്തമസമുണ്ടാക്കുന്നു എന്ന് പഠനം കണ്ടെത്തി.

സ്തനം, സെർവിക്സ്, അണ്ഡാശയം എന്നിവയെ ബാധിക്കുന്ന കാൻസറുകളാണ് ഇന്ത്യൻ സ്ത്രീകളുടെ മരണനിരക്കിൽ കൂടുതൽ കാരണമാകുന്നത് എന്നും ലാൻസെറ്റിന്റെ പഠനത്തിൽ പറയുന്നുണ്ട്.

ചികിത്സ മേഖലയിൽ രാജ്യത്തെ ലിംഗ അസമത്വം വ്യക്തമാക്കുന്ന ഒരു കേസ് സ്റ്റഡിയും റിപ്പോട്ടിൽ വിശദീകരിക്കുന്നുണ്ട്. മുംബൈയിലെ 36കാരിക്ക് നിരന്തരം ഉണ്ടായിരുന്ന തലവേദന മസ്‌തിഷ്കത്തിലെ അർബുദ കോശങ്ങൾ കാരണമാണെന്ന് അവർക്ക് മനസ്സിലായില്ലെന്നും ഭാര്യയെ ചികിത്സിക്കാൻ ഭർത്താവ് തയ്യാറായില്ലെന്നും കേസ് സ്റ്റഡിയിൽ വിശദീകരിക്കുന്നുണ്ട്.

കണ്ണിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് പ്രാദേശിക ഡോക്ടർ അവരുടെ അസുഖത്തെ തഴഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. ഒടുവിൽ ഭർതൃപിതാവ് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയപ്പോഴാണ് രോഗം നിർണയിക്കപ്പെട്ടത്.

ഇങ്ങനെ ദാരിദ്ര്യവും ഗാർഹിക പീഡനവും അനുഭവിക്കുന്ന നിരവധി പേർ വിദഗ്ധ ചികിത്സ ലഭിക്കാതെ കാൻസറുമായി ജീവിക്കുകയും രോഗം പെട്ടെന്ന് തന്നെ മൂർച്ഛിക്കുകയും ചെയ്യുന്നുവെന്ന് ലാൻസറ്റ് കണ്ടെത്തി.

2020ൽ അർബുദം ബാധിച്ച് മരിച്ച പകുതിയിലധികം സ്ത്രീകളും കുടുംബത്തിന്റെ നിസ്സംഗതയും ആവശ്യമായ ചികിത്സയോ പണമോ ഇല്ലാത്തതും കാരണമാണ് മരണത്തിന് കീഴടങ്ങിയതെന്ന് ലാൻസറ്റ് കമ്മീഷണർ ഡോ. ഇഷു കതാറിയ പറഞ്ഞു.

ഇൻഫെക്ഷൻ ആണ് സ്ത്രീകൾക്കിടയിലെ കാൻസറിലെ ഏറ്റവും പ്രധാന കാരണമെന്നും രണ്ടാമത് പുകയിലയുടെ ഉപയോഗമാണെന്നും പഠനത്തിൽ പറയുന്നുണ്ട്.

CONTENT HIGHLIGHT: Over 63% cancer deaths of Indian women were preventable: Lancet report says because of gender inequity in medical sector