കാനഡയിലെ ഖലിസ്ഥാൻ വാദികളുടെ പ്രക്ഷോഭം; നരേന്ദ്ര മോദിയെ ലക്ഷ്യമിടുന്നതിനെ വിമർശിച്ച് കോൺഗ്രസ്‌ നേതാവ്
national news
കാനഡയിലെ ഖലിസ്ഥാൻ വാദികളുടെ പ്രക്ഷോഭം; നരേന്ദ്ര മോദിയെ ലക്ഷ്യമിടുന്നതിനെ വിമർശിച്ച് കോൺഗ്രസ്‌ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 12:15 pm

ന്യൂദൽഹി: കാനഡയിലെ ഇന്ത്യൻ കാര്യാലയങ്ങൾക്ക് പുറത്ത് വെച്ച് ഖലിസ്ഥാൻ വാദികൾ ഇന്ത്യൻ പതാക കത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട്ഔട്ട് ചവിട്ടുകയും ചെയ്ത സംഭവങ്ങളെ അപലപിച്ച് കോൺഗ്രസ്‌ നേതാവ് അധിർ രഞ്ജൻ ചൗധരി.

സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിലാണ് ഖലിസ്ഥാനി പ്രക്ഷോഭത്തിൽ ലോക്സഭയിലെ കോൺഗ്രസ്‌ പാർട്ടി നേതാവ് കൂടിയായ ചൗധരി കേന്ദ്ര സർക്കാരിന് പിന്തുണ നൽകിയത്.
‘വാക്കുകൾ വളച്ചൊടിക്കാതെ തന്നെ പറയുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർഡ് ബോർഡ് രൂപം ചവിട്ടുകയും ദേശീയ പതാക കത്തിക്കുകയും ചെയ്ത കാനഡയിലെ ഖലിസ്ഥാനി ഘടകങ്ങളുടെ ഹീനമായ പ്രവൃത്തികളെ ഞാൻ ശക്തമായി അപലപിക്കുന്നു.

ഇത്തരം ഇന്ത്യാ-വിരുദ്ധ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സർക്കാർ നടപടികൾ സ്വീകരിക്കണം,’ അദ്ദേഹം പറഞ്ഞു.

ടൊറന്റോയിൽ നൂറോളം പ്രതിഷേധക്കാർ ഇന്ത്യൻ പതാക കത്തിക്കുകയും മോദിയുടെ കാർഡ്ബോർഡ് കട്ട്ഔട്ട് ഷൂ കൊണ്ട് ചവിട്ടുകയും ചെയ്തെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒട്ടാവയിൽ നൂറോളം പേർ ഇന്ത്യൻ ഹൈകമ്മീഷണറുടെ ഓഫീസിന് മുമ്പിൽ തടിച്ചുകൂടി ‘ഖലിസ്ഥാൻ’ എന്നെഴുതിയ മഞ്ഞ കൊടികൾ വീശിയെന്നും റിപ്പോർട്ടുണ്ട്.

കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആഴത്തിലുള്ള നയതന്ത്ര ഇടപെടലുകൾ വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം കൈകാര്യം ചെയ്യുന്നതിനെ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

Content highlight: Act against ‘anti-India terrorists’: Adhir slams targeting of PM in Canada