ഞാനും പ്രിയയും സംസാരിച്ചാല്‍ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ; അതറിഞ്ഞപ്പോള്‍ ചെറിയ വിഷമം തോന്നി: നൂറിന്‍
Entertainment
ഞാനും പ്രിയയും സംസാരിച്ചാല്‍ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ; അതറിഞ്ഞപ്പോള്‍ ചെറിയ വിഷമം തോന്നി: നൂറിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 4:33 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നൂറിന്‍ ഷെരീഫ്. ഒമര്‍ ലുലു സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. സിനിമയില്‍ നായകനായ ബാലു വര്‍ഗീസിന്റെ സഹോദരി ആയിട്ടാണ് നടി അഭിനയിച്ചത്.

പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തിലൂടെയാണ് നൂറിന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിനെ ആയിരുന്നു.

എന്നാല്‍ പിന്നീട് പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കുന്ന സീന്‍ വൈറലായതോടെ നൂറിനെ മാറ്റി പ്രിയയെ നായികയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ പേരില്‍ നൂറിനും പ്രിയക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലുള്ള റൂമറുകളുണ്ടായിരുന്നു.

ഇപ്പോള്‍ തനിക്കും പ്രിയക്കും ഇടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നൂറിന്‍ ഷെരീഫ്. തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളൊക്കെ സംസാരിച്ചാല്‍ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും അതറിഞ്ഞപ്പോള്‍ തനിക്ക് ചെറിയ വിഷമം തോന്നിയെന്നും നടി പറഞ്ഞു.

അന്നേ പരസ്പരം പറഞ്ഞു തീര്‍ത്തിരുന്നെങ്കില്‍ ഒരുമിച്ചുള്ള ഒരുപാട് നല്ല മൊമന്റുകള്‍ ചിലപ്പോള്‍ കിട്ടിയേനെ എന്നും നൂറിന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നൂറിന്‍ ഷെരീഫ്.

‘എനിക്കും പ്രിയക്കും ഇടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. അതൊക്കെ നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഞങ്ങള്‍ക്ക് പതിനെട്ടോ പത്തൊമ്പതോ വയസായിരുന്നു. ഞങ്ങളുടെ ചിന്തങ്ങള്‍ക്കും അത്ര പക്വതയേ ഉണ്ടായിരുന്നുള്ളൂ.

നമ്മള്‍ ഓരോ കാര്യങ്ങളെയും നോക്കി കാണുന്നതും കാര്യങ്ങള്‍ അപ്രോച്ച് ചെയ്യുന്നതും കുറച്ച് കുട്ടിത്തത്തോടെയാണ്. ആ സമയത്ത് പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് ചിന്തിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല.

എന്റെ മനസില്‍ എന്ത് തോന്നിയാലും അത് പെട്ടെന്ന് പുറത്തേക്ക് വരും. അന്നത്തെ സംഭവങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചിന്തിക്കാറുണ്ട്. അത് വേണമായിരുന്നോ എന്നൊക്കെ ആലോചിക്കും.

പിന്നെ ഇപ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. സോഷ്യല്‍ മീഡിയ ആയത് കൊണ്ട് എത്രനാള്‍ കഴിഞ്ഞാലും അതൊക്കെ അവിടെ തന്നെയുണ്ടാകും. പിന്നീട് ഞാനും പ്രിയയും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു.

ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളൊക്കെ ഒന്ന് സംസാരിച്ചാല്‍ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് അറിഞ്ഞപ്പോള്‍ എനിക്ക് ചെറിയ വിഷമം തോന്നി. കാരണം അത്രയും നല്ല സമയം ഞങ്ങള്‍ വെറുതെ കളഞ്ഞു.

അന്നേ ഞങ്ങള്‍ പരസ്പരം ഇതൊക്കെ പറഞ്ഞു തീര്‍ത്തിരുന്നെങ്കില്‍ ഒരുമിച്ചുള്ള ഒരുപാട് നല്ല മൊമന്റുകള്‍ ചിലപ്പോള്‍ കിട്ടിയേനെ. ഇപ്പോള്‍ ഞാനും പ്രിയയും നല്ലൊരു ഇക്വേഷനില്‍ പോകുന്നുണ്ട് (ചിരി),’ നൂറിന്‍ ഷെരീഫ് പറയുന്നു.


Content Highlight: Noorin Shereef Talks About Misunderstanding With Priya Varrier