കോഴിയെ അറുക്കുന്നതിനെതിരെ അഹിംസാവാദികളുടെ ഹരജി; കോഴി മൃഗമാണോ പക്ഷിയാണോ എന്നതില്‍ സംശയമുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി
national news
കോഴിയെ അറുക്കുന്നതിനെതിരെ അഹിംസാവാദികളുടെ ഹരജി; കോഴി മൃഗമാണോ പക്ഷിയാണോ എന്നതില്‍ സംശയമുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2023, 8:08 pm

അഹമ്മാദാബാദ്: കോഴി മൃഗമാണോ എന്നതാണ് ഗുജറാത്ത് ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കോഴിയെ കോഴിക്കടകളില്‍ കശാപ്പ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതി മുറിയില്‍ കോഴിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.

ആനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും അഹിംസ മഹാസംഘവുമാണ് കേസുമായി കോടതിയെ സമീപിച്ചത്.

എന്നാല്‍ കേസ് പരിഗണിക്കവേ നിയമപ്രകാരം കോഴി മൃഗമാണോ പക്ഷിയാണോ എന്നതില്‍ സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കി.

മനുഷ്യനല്ലാത്ത എല്ലാ ജീവികളും മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ സെഷന്‍ രണ്ട് (എ) പ്രകാരം മൃഗങ്ങളുടെ പരിധിയില്‍പ്പെടുമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് നിയമപ്രകാരം ജീവനുള്ള മൃഗങ്ങളെ ഇറച്ചി കടയുടെ പരിസരത്ത് അനുവദിക്കരുതെന്നും അഭിഭാഷകന്‍ പറഞ്ഞു.

അങ്ങനെയെങ്കില്‍ കടയിലേക്ക് കൊണ്ടുവരുന്ന മത്സ്യം പോലും അറവുശാലയിലേക്ക് കൊണ്ടുപോകണ്ടേയെന്ന് ജഡ്ജിയും ചോദിച്ചു. ആട്ടിറച്ചി കടയില്‍ കോഴിയെ അറുക്കരുതെന്ന് പറയുന്നത് വിചിത്രമാണെന്നും കോടതി പറഞ്ഞു.

നേരത്തേ ചട്ടങ്ങള്‍ ലംഘിച്ചും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഇറച്ചി, കോഴിക്കടകള്‍ അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സൂറത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിരവധി കടകള്‍ അടച്ചു പൂട്ടിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഹൈക്കോടതി തങ്ങളുടെ ഹരജികള്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണുള്ളതെന്ന് കോഴിക്കച്ചവടക്കാരും ഉടമകളും പറഞ്ഞു.

content highlight: Non-violent activists petition against chicken slaughter; Gujarat High Court doubts whether chicken is an animal or a bird