വമ്പന്‍ ഹിറ്റ് വന്നിട്ട് നാല് മാസമാകാറായി, ലാലേട്ടനല്ലാതെ മറ്റാര്‍ക്കും ശോഭിക്കാനാകാത്ത 2025
Malayalam Cinema
വമ്പന്‍ ഹിറ്റ് വന്നിട്ട് നാല് മാസമാകാറായി, ലാലേട്ടനല്ലാതെ മറ്റാര്‍ക്കും ശോഭിക്കാനാകാത്ത 2025
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th August 2025, 6:25 pm

2025 അവസാനിക്കാന്‍ ഇനി നാല് മാസം മാത്രം ബാക്കി. കഴിഞ്ഞവര്‍ഷം ഇന്‍ഡസ്ട്രിയിലെ പല സിനിമകളും വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായിരുന്നു. ചില സിനിമകള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ വിജയം ആവര്‍ത്തിക്കാന്‍ ഈ വര്‍ഷം സാധിച്ചിട്ടില്ല.

2025ന്റെ മൂന്നില്‍ രണ്ട് ഭാഗവും തീരാറാകുമ്പോള്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവ് മാത്രമാണ് മോളിവുഡിന് എടുത്തുപറയാനുള്ളത്. എടുത്തുപറയാന്‍ ഒരു ഹിറ്റ് പോലുമില്ലാതിരുന്ന ഇന്‍ഡസ്ട്രിയിലെ സകല റെക്കോഡും തന്റെ പേരിലാക്കാന്‍ മോഹന്‍ലാലിന് വേണ്ടിവന്നത് വെറും 50 ദിവസം മാത്രമായിരുന്നു. തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങളാണ് താരം ഇന്‍ഡസ്ട്രിക്ക് സമ്മാനിച്ചത്.

എമ്പുരാന്‍ മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായി മാറിയപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റായി തുടരും മാറി. മോളിവുഡ് വീണ്ടും ‘മോഹന്‍ലാല്‍വുഡ്’ ആയി മാറിയ കാഴ്ചയാണ് ഇപ്പോള്‍ ഇന്‍ഡസ്ട്രിയുടെ ചര്‍ച്ചാവിഷയം. എന്നാല്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു നടനും ഈ വര്‍ഷം ഇന്‍ഡസ്ട്രിയില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല.

ആസിഫ് അലിയുടെ രേഖാചിത്രം, കുഞ്ചാക്കോ ബോബന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ 50 കോടി കളക്ഷന്‍ നേടിയ മറ്റ് ചിത്രങ്ങള്‍. നസ്‌ലെന്റെ ആലപ്പുഴ ജിംഖാന 30 കോടി സ്വന്തമാക്കിയതും എടുത്തുപറയേണ്ടതാണ്. എന്നാല്‍ മറ്റൊരു സിനിമയും ബോക്‌സ് ഓഫീസില്‍ വലിയ രീതിയില്‍ ശോഭിച്ചിട്ടില്ല.

തുടരുമിന്റെ വിജയത്തിന് ശേഷം കേരള ബോക്‌സ് ഓഫീസില്‍ അതേ ഓളമുണ്ടാക്കിയ സിനിമകളൊന്നും പിന്നീട് വന്നിട്ടില്ല. F1, സൂപ്പര്‍മാന്‍, ജുറാസിക് വേള്‍ഡ് റീബെര്‍ത്ത് തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തില്‍ വലിയരീതിയില്‍ ഓളമുണ്ടാക്കി. 8.85 കോടിയാണ് F1 കേരളത്തില്‍ നിന്ന് നേടിയത്.  ചെറിയ ചില വിജയങ്ങള്‍ മലയാളത്തില്‍ വന്നുപോയിരുന്നു.

വിഷ്ണു ശശിശങ്കറിന്റെ സുമതി വളവ്, കന്നഡ ചിത്രം സു ഫ്രം സോയുടെ മലയാളം പതിപ്പ്, സാഹസം എന്നീ ചിത്രങ്ങള്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കി. ഏറ്റവുമൊടുവില്‍ രജിനികാന്തിന്റെ കൂലി കേരളത്തില്‍ വന്‍ ഓളമുണ്ടാക്കി. പ്രീ സെയിലിലൂടെ മാത്രം ചിത്രം ഒമ്പത് കോടിയോളമാണ് നേടിയത്. എന്നാല്‍ സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

ഓണം റിലീസായി മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, നസ്‌ലെന്‍- കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകള്‍ റിലീസാകുന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. ഫെസ്റ്റിവല്‍ റിലീസുകളോടെ തിയേറ്ററുകള്‍ വീണ്ടും ജനസാഗരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും മോഹന്‍ലാല്‍ അല്ലാതെ 100 കോടി നേടുന്ന മറ്റേതെങ്കിലും നടന്മാര്‍ ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം.

Content Highlight: No big hits in Malayalam after Thudarum movie