ബാക്ക് ടു ബാക്ക് പടങ്ങൾ ചെയ്ത് പൈസ ഉണ്ടാക്കാനാണ് അന്ന് ആ താരങ്ങൾ പറഞ്ഞത്, എന്റെ മറുപടി ഇതായിരുന്നു: നിവിൻ പോളി
Entertainment
ബാക്ക് ടു ബാക്ക് പടങ്ങൾ ചെയ്ത് പൈസ ഉണ്ടാക്കാനാണ് അന്ന് ആ താരങ്ങൾ പറഞ്ഞത്, എന്റെ മറുപടി ഇതായിരുന്നു: നിവിൻ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2024, 7:57 am

മലയാളികളുടെ പ്രിയതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബിലൂടെ കടന്ന് വന്ന നിവിൻ പോളി അധികം വൈകാതെ തന്നെ സൗത്ത് ഇന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയിരുന്നു.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. നിവിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ വലിയ ശ്രദ്ധ നേടിയിരുന്നു. നോ പറയാൻ നിവിനുള്ള കഴിവ് എടുത്ത് പറയണമെന്ന് ഒരിക്കൽ ജോജു ജോർജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നിവിൻ പോളി. കരിയറിന്റെ തുടക്ക സമയത്ത് ചില സിനിമകൾ വേണ്ടെന്ന് വെച്ചപ്പോൾ , ഇത് നന്നായി പൈസ ഉണ്ടാക്കാൻ കഴിയുന്ന സമയമാണെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നിവിൻ പറയുന്നു.

ഒരു കഥ കേൾക്കുമ്പോൾ പ്രേക്ഷകർക്ക് അത് വർക്കാവുമോയെന്ന് താൻ ചിന്തിക്കാറുണ്ടെന്നും താൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ജോജു തന്നോട് ചോദിച്ചിട്ടുണ്ടെന്നും നിവിൻ പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ അങ്ങനെയുള്ള സ്കിൽ ഒന്നും എവിടെ നിന്നും പഠിച്ചിട്ടില്ല. ഓരോ കഥ കേൾക്കുമ്പോഴും നമുക്കൊരു ഇൻട്യൂഷൻ ഉണ്ടാവും. ഇത് പ്രേക്ഷകർക്ക് വർക്ക്‌ ആവുമോ ഇല്ലയോ എന്നതിന് കുറിച്ച്. എനിക്ക് ആ വൈബ് കിട്ടിയാൽ മാത്രമേ ഞാൻ ആ പടം ഓക്കെ പറയുകയുള്ളൂ.

ജോജു പറഞ്ഞ പോലെ ആ സമയത്ത് ചില പ്രധാന സംവിധായകരുടെ സിനിമകളോട് ഞാൻ നോ പറഞ്ഞിട്ടുണ്ട്. ജോജു അതെന്നോട് ചോദിച്ചിട്ടുമുണ്ട്. എന്തിനാണ് ഇങ്ങനെ നോ പറയുന്നതെന്ന്. ഞാൻ പറഞ്ഞത് ആ സിനിമ ചെയ്യാൻ എന്റെ മനസ് പറയുന്നില്ല എന്നായിരുന്നു.

വേറെയും ചില അഭിനേതാക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ പൈസ ഉണ്ടാക്കേണ്ട സമയമാണ്, ബാക്ക് ടു ബാക്ക് സിനിമകൾ ചെയ്യണമെന്ന്. ഞാൻ അവരോട് പറഞ്ഞത് എനിക്കിപ്പോൾ പൈസ ഉണ്ടാക്കാൻ തോന്നുന്നില്ല എന്നായിരുന്നു,’നിവിൻ പോളി പറയുന്നു.

അതേസമയം നിവിന്റെ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Nivin Pauly Talk About Beginning Of His Film Career