അജു കുറച്ച് ഓവർ ആകുന്നില്ല... എന്ന് തോന്നി; അതവനെ വലിയ രീതിയിൽ മെച്ചപ്പെടുത്തി: നിവിൻ പോളി
Malayalam Cinema
അജു കുറച്ച് ഓവർ ആകുന്നില്ല... എന്ന് തോന്നി; അതവനെ വലിയ രീതിയിൽ മെച്ചപ്പെടുത്തി: നിവിൻ പോളി
നന്ദന എം.സി
Friday, 3rd April 2026, 3:13 pm

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘സർവ്വം മായ’ 100 കോടി ക്ലബ്ബിൽ ഇടം നേടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു.

നിവിനൊപ്പം അജു വർഗീസിന്റെ പ്രകടനവും ചിത്രത്തെ വേറിട്ട നിലയിൽ എത്തിച്ചു. കൂടാതെ ക്യൂട്ട് യക്ഷിയായെത്തിയ ഡെലൂലുവും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു.

നിവിൻ പോളി, അജു വർഗീസ്, Photo: IMDb

ഓരോ കഥാപാത്രങ്ങളുടെയും മികച്ച അഭിനയമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോയത്. വർഷങ്ങൾക്ക് ശേഷമുള്ള അജു–നിവിൻ കൂട്ടുകെട്ട് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. പ്രഭയായി നിവിൻ എത്തിയപ്പോൾ രൂപേഷ് നമ്പൂതിരിയായി അജു വർഗീസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോൾ ചിത്രത്തിനായി അജു വർഗീസ് നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നിവിൻ പോളി. ‘ശ്രീ ഗോകുലം മൂവീസ്’ എന്ന യൂട്യൂബ് ചാനലിൽ നിവിനും അജു വർഗീസും ധ്യാൻ ശ്രീനിവാസനും ഷറഫുദ്ദീനും തമ്മിൽ നടന്ന അഭിമുഖത്തിനിടെയാണ് നിവിൻ അജുവിനെ കുറിച്ച് സംസാരിച്ചത്

‘ സർവ്വം മായ’യുടെ സമയത്ത് അജു ഒരുപാട് വ്യത്യസ്തമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഒരു സീൻ തന്നെ പല രീതികളിൽ, വ്യത്യസ്ത ഇമോഷനുകളോടെ അവതരിപ്പിച്ച് കാണിക്കുമായിരുന്നു.

പിന്നീട് അതിൽ നിന്ന് ഏത് വേണമെന്ന് ഡയറക്ടറോട് ചോദിച്ച് അതനുസരിച്ച് അഭിനയിക്കുമായിരുന്നു. ഞങ്ങൾ എല്ലാവരും ഒരു രീതിയിൽ മാത്രം ആലോചിച്ച് ഇരിക്കുമ്പോഴാണ് അജു ഇങ്ങനെ പരീക്ഷണങ്ങൾ നടത്തിയത്.

നിവിൻ പോളി, അജു വർഗീസ്, Photo: IMDb

അന്ന് അത് കുറച്ച് ഓവർ ആണെന്ന തോന്നലും ഉണ്ടായിട്ടുണ്ട്. എന്നാൽ അതേ സമീപനമാണ് അജുവിനെ വലിയ രീതിയിൽ മെച്ചപ്പെടുത്തിയത്,’ എന്ന് നിവിൻ പോളി പറഞ്ഞു.

തനിക്ക് ഇനിയും പല കാര്യങ്ങളിലും മെച്ചപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നുവെന്നും അതിനായി കുറച്ച് സമയം എടുത്ത് പതുക്കെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം, രഘുനാഥ് പാലേരി എന്നിവർ ഉൾപ്പെടുന്ന വലിയ താരനിരയും അണിനിരന്നിരുന്നു.

Content Highlight: Nivin Pauly talk about Aju varghese

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.