മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാര്‍; ആര്‍.ജെ.ഡിക്കെതിരെ രണ്ടേമുക്കാല്‍ കോടിയുടെ കോഴ ആരോപണവും
India
മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാര്‍; ആര്‍.ജെ.ഡിക്കെതിരെ രണ്ടേമുക്കാല്‍ കോടിയുടെ കോഴ ആരോപണവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th October 2025, 3:16 pm

പാട്‌ന: മുഖ്യമന്ത്രി കസേര വേണമെന്ന തീരുമാനത്തില്‍ ഉറച്ച് ജെ.ഡി.യു മേധാവി നിതീഷ് കുമാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കിടെ നിതീഷ് കുമാര്‍ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെ എന്‍.ഡി.എ സഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി അമിത് ഷാ തലസ്ഥാന നഗരമായ പാട്‌നയില്‍ തുടരുന്നുണ്ട്. ഇതിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ബീഹാറിലെ എം.ഡി.എ സഖ്യത്തെ നയിക്കുന്നത് നിതീഷ് കുമാറാണെന്നും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. ഘടകകക്ഷികള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും ഷാ പ്രതികരിച്ചിരുന്നു. എന്നാല്‍ അമിത് ഷായുടെ പ്രതികരണത്തില്‍ ജെ.ഡി.യു അതൃപ്തി രേഖപ്പെടുത്തുകയാണ് ചെയ്തത്.

നിലവില്‍ താന്‍ തന്നെ ബീഹാറില്‍ മുഖ്യമന്ത്രിയാകുമെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. അതേസമയം ബീഹാര്‍ സര്‍ക്കാരിന് ഒരു യുവ നേതൃത്വം ആവശ്യപ്പെട്ട് എന്‍.ഡി.എയിലെ പ്രധാനകക്ഷിയായ എല്‍.ജെ.പി രംഗത്തുണ്ട്.

അതേസമയം ഇന്നലെ (ശനി) എല്‍.ജെ.പി സ്ഥാനാര്‍ത്ഥിയായ സീമ സിങ്ങിന്റെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. സീമയുടേത് ഉള്‍പ്പെടെ നാല് പേരുടെ നോമിനേഷനുകളാണ് തള്ളിയത്. ഇത് എന്‍.ഡി.എയ്ക്ക് തുടക്കത്തില്‍ തന്നെ ഒരു തിരിച്ചടിയായിട്ടുണ്ട്.

ഇതിനുപുറമെ ജെ.എം.എം മഹാസഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് ബീഹാറിലെ പ്രതിപക്ഷ സഖ്യത്തിന് പുതിയ വെല്ലുവിളിയായി. ആറ് സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ജെ.എം.എം പ്രഖ്യാപിച്ചത്. മുന്നണിയിലെ സീറ്റ് ധാരണ പൂര്‍ത്തിയാകാത്തതിനാലാണ് ജെ.എം.എം സഖ്യം വിട്ടത്.


ഇതിനുപിന്നാലെ ആര്‍.ജെ.ഡിക്കെതിരെ കോഴ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ലാലു പ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റിന് സഞ്ജയ് യാദവ് എന്ന നേതാവ് കോഴ ചോദിച്ചെന്ന് ആരോപിച്ച് ആര്‍.ജെ.ഡി നേതാവ് മധന്‍ ഷായാണ് രംഗത്തെത്തിയത്.

ലാലു പ്രസാദിന്റെ വസതിക്ക് മുന്നിലെത്തി പൊട്ടിക്കരഞ്ഞുകൊണ്ടാണ് മധന്‍ ഷാ കോഴ ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പണം നല്‍കാത്തതിനാല്‍ സീറ്റ് നല്‍കിയില്ലെന്നാണ് ഷായുടെ ആരോപണം. സീറ്റിന് രണ്ടേമുക്കാല്‍ കോടിയാണ് ആവശ്യപ്പെട്ടതെന്നും ആരോപണമുണ്ട്.

രണ്ട് ഘട്ടങ്ങളായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ ആറ്, പതിനൊന്ന് തീയതികളില്‍ പോളിങ്ങും നവംബര്‍ 14ന് വോട്ടെണ്ണലും നടക്കും.

Content Highlight: Nitish Kumar refuses to leave CM’s chair; RJD accused of bribery worth Rs 2.3 crore