അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്നും കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് ഇവരെ കരയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
സഹായമാതാ ബോട്ടിലെ മല്‍സ്യത്തൊഴിലാളികളായ റോബിന്‍സണ്‍, ഡേവിഡ്സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവരെയാണ് ആദ്യം കണ്ടെത്തിയത്. ഇന്ന് (ശനി) രാവിലെയാണ് ഈ നാല് പേരെ കുറിച്ച് വിവരം ലഭിച്ചത്.
ബോട്ടുടമയായ റോബിന്‍സണ്‍ തങ്ങള്‍ കന്യാകുമാരി ഭാഗത്തുണ്ടെന്ന് കരയിലുള്ളവരെ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു.
പിന്നാലെ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തിയിരുന്ന കോസ്റ്റല്‍ പൊലീസും നേവിയും കരയില്‍ നിന്ന് ഇന്ധനവും ഭക്ഷണങ്ങളുമായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ടും കന്യാകുമാരി ഭാഗത്തേക്ക് പോകുകയും ചെയ്തു.
ഇതിനുപിന്നാലെ ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ മറ്റു നാല് പേരെയും കണ്ടെത്തി. ഫാത്തിമ മാതാ എന്ന ബോട്ടാണ് കണ്ടെത്തിയത്. ജോണി, ജോസഫ്, മുത്തപ്പന്‍, മത്തിയാസ് എന്നിവരാണ് ഈ ബോട്ടിലുണ്ടായിരുന്നത്.
അതേസമയം ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്നും കാണാതായ സ്റ്റെല്ലസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതിനിടെ മന്ത്രി വി. ശിവന്‍കുട്ടി മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
നേവി, കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ള എല്ലാ വകുപ്പുകളും രക്ഷാപ്രവര്‍ത്തനത്തിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
വ്യാഴാഴ്ച രണ്ട് മണിയോടെയാണ് വിഴിഞ്ഞത്ത് നിന്ന് രണ്ട് ബോട്ടുകള്‍ പുറപ്പെട്ടത്. ഇവര്‍ വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടവരായിരുന്നു.