തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് നിമിഷ സജയന്‍. ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു.
ജിഗര്‍തണ്ട ഡബിള്‍ എക്സ്, ചിത്താ എന്നീ തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റിച്ചി മെഹ്ത സംവിധാനം ചെയ്ത പോച്ചര്‍ എന്ന വെബ് സീരീസിലെ പ്രകടനത്തിന് ബോളിവുഡ് നടിയും സീരീസിന്റെ നിര്‍മാതാവുമായ ആലിയ ഭട്ട് നിമിഷയെ പ്രശംസിച്ചിരുന്നു. നിമിഷ നായികയായ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഡി.എന്‍.എ.
ഇപ്പോള്‍ തന്റെ അമ്മയെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയന്‍. ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകുമ്പോള്‍ താന്‍ അമ്മയുടെ അടുത്തേക്കാണ് ഓടിച്ചെല്ലാറുള്ളതെന്ന് നിമിഷ പറയുന്നു. തനിക്കെന്ത് സംഭവിച്ചാലും അമ്മ കൂടെ നില്‍ക്കുമെന്നും നിമിഷ പറഞ്ഞു. സുധീര്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ കുടുംബം ഇപ്പോഴും എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നു. അക്കാര്യത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്ത് സംഭവിച്ചാലും അവര്‍ കൂടെയുണ്ട്. അമ്മ എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ സാധിക്കുന്നൊരു ഇമോഷന്‍ ആണ്. ജീവിതത്തില്‍ പല ഉയര്‍ച്ചതാഴ്ചകളുണ്ടാകും. ആ സമയം ആരെങ്കിലും അരികില്‍ വേണമെന്ന് തോന്നും. അപ്പോഴൊക്കെ ഞാന്‍ അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലും.
അമ്മ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്. നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍, അതിന്റെ മൊത്തം ക്രെഡിറ്റ് അമ്മക്കുള്ളതാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ നടി ആകണം എന്ന് പറഞ്ഞപ്പോള്‍ അമ്മ കൂടെ നിന്നു, എന്റെ കുടുംബം മുഴുവന്‍ കൂടെ നിന്നു,’ നിമിഷ സജയന്‍ പറയുന്നു.