2026 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീലിന് കനത്ത തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍താരം നെയ്മര്‍ 2-3 ആഴ്ചയോളം നെയ്മര്‍ കളിക്കളത്തില്‍ നിന്നും പുറത്താവുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ലോകകപ്പിന് മുമ്പായി നടക്കുന്ന സൗഹൃദ മത്സരങ്ങളും ലോകകപ്പില്‍ മൊറോക്കോക്കെതിരെയുള്ള ആദ്യ മത്സരവും താരത്തിന് നഷ്ടമാവും.

വൈദ്യപരിശോധനക്ക് വേണ്ടി നെയ്മര്‍ ടീമിന്റെ ആദ്യ പരിശീലന സെക്ഷനില്‍ പങ്കെടുത്തിട്ടില്ല. പനാമക്കെതിരെയുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് മൂന്ന് പരിശീലന സെക്ഷനുകളാണുള്ളത്. ഇതെല്ലം നെയ്മറിന് നഷ്ടമായേക്കും.

ഒരു വര്‍ഷമായി ബ്രസീലിയന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ നെയ്മറെ കഴിഞ്ഞ ആഴ്ചയാണ് കാര്‍ലോ ആന്‍സലോട്ടി ടീമില്‍ ഉള്‍പ്പെടുത്തിയത്. നെയ്മറുടെ തിരിച്ചുവരവ് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം ചോദ്യചിഹ്നമായിരിക്കുകയാണ്.

2023 ഒക്ടോബറില്‍ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കുമ്പോള്‍ നെയ്മറിന് പരിക്ക് പറ്റിയിരുന്നു. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും വീണ്ടും പരിക്ക് നെയ്മറെ തേടിയെത്തുകയായിരുന്നു. സൗദി ക്ലബ്ബ് അല്‍ ഹിലാലില്‍ നിന്ന് സാന്റോസിലേക്ക് താരം കൂടുമാറിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നെയ്മറിന് തിരിച്ചടിയായി.

നെയ്മർ

ബ്രസീലിന് വേണ്ടി 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നെയ്മര്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടവും താരത്തിനുണ്ട്. കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് എന്നീ കിരീടങ്ങള്‍ നെയ്മര്‍ ബ്രസീലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ചരിത്രത്തിലെ ആറാം ലോക കിരീടം ലക്ഷ്യം വെച്ചാണ് ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത്. ബ്രസീലിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയുടെ കീഴിലെത്തുമ്പോള്‍ ബ്രസീല്‍ ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

കാർലോ ആൻസലോട്ടി

 

2002ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത്. നീണ്ട 24 വര്‍ഷങ്ങളായുള്ള കിരീടത്തിന് വേണ്ടിയുള്ള ബ്രസീലിന്റെ ഇത്തവണ സാധ്യമാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് സി-യിലാണ് ബ്രസില്‍ ഇടം നേടിയിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

 

Content Highlight: Neymar injury Brazil have big setback ahead 2026 world cup