ന്യൂദല്‍ഹി അപകടം; ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യം യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കി: പൊലീസ്
national news
ന്യൂദല്‍ഹി അപകടം; ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യം യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കി: പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2025, 5:07 pm

ന്യൂദല്‍ഹി: റെയില്‍വേ സ്‌റ്റേഷനിലെ ദുരന്തത്തിന് വഴി വെച്ചത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പമെന്ന് ദല്‍ഹി പൊലീസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ചും ഒന്നിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെന്നും ഇതാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞു.

14ാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ നില്‍ക്കേ 16ാം പ്ലാറ്റ്‌പോമില്‍ ട്രെയിന്‍ വരുന്നതായി പറഞ്ഞുവെന്നും ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നുമാണ് ദല്‍ഹി പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രയാഗ് രാജ് എക്‌സ്പ്രസും പ്രയാഗ് രാജ് സെപഷ്യല്‍ ട്രെയിനും ഒരേ സമയത്ത് സ്‌റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പിന്നാലെയാണ് അറിയിപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞു.

യാത്രക്കാര്‍ കൂട്ടത്തോടെ 16ാം പ്ലാറ്റ്‌ഫോമിലേക്കെത്താന്‍ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നുവെന്നും പ്രയാഗിലേക്കുള്ള മൂന്ന് ട്രെയിനുകളും വൈകിയതും കാരണമാണെന്നും പൊലീസ് പറഞ്ഞു.

മഹാ കുഭമേളയില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നാലെയാണ് ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം ഉണ്ടായത്. സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 15-20 മിനിട്ടിനുള്ളില്‍ നൂറുകണക്കിന് യാത്രക്കാര്‍ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Content Highlight: New Delhi Accident; The similarity between the names of the trains caused confusion among passengers: Police