സിനിമാലോകത്തെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു അടുത്തിടെ പുറത്തുവന്നത്. തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജിനികാന്തും കമല്‍ ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ സന്തോഷത്തോടെ സ്വീകരിച്ചു. തഗ് ലൈഫ്, കൂലി എന്നീ സിനിമകള്‍ സമ്മാനിച്ച നിരാശ ഈ പ്രൊജക്ടിലൂടെ മാറുമെന്ന് പലരും കണക്കുകൂട്ടി.
നിലവില്‍ തമിഴിലെ ഏറ്റവും വലിയ സംവിധായകരിലൊരാളായ ലോകേഷ് കനകരാജ് ഈ പ്രൊജക്ട് സംവിധാനം ചെയ്‌തേക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൂലിയുടെ തകര്‍ച്ച കാരണം ലോകേഷ് ഈ പ്രൊജക്ടില്‍ ഉണ്ടായേക്കില്ല എന്ന് ഇടക്ക് കേട്ടിരുന്നു. ലോകേഷിന് പകരം ആരാകും ഈ ചിത്രം സംവിധാനം ചെയ്യുകയെന്ന് പല പേജുകളും ചര്‍ച്ച ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ പ്രൊജക്ട് നെല്‍സണ്‍ സംവിധാനം ചെയ്യുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമിഴ് സിനിമാപേജായ വലൈപ്പേച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകേഷ് രജിനിയോട് പറഞ്ഞ കഥയില്‍ വയലന്‍സിന്റെ അതിപ്രസരം ഉണ്ടായിരുന്നെന്നും രജിനിക്ക് അത് ചെയ്യാന്‍ താത്പര്യമില്ലായിരുന്നെന്നും വലൈപ്പേച്ച് പറയുന്നു.
പിന്നാലെയാണ് ഈ പ്രൊജക്ട് നെല്‍സണിലേക്ക് എത്തിയതെന്നും ഇവര്‍ പറയുന്നു. നെല്‍സന്റെ സ്ഥിരം ശൈലിയിലുള്ള കഥ തന്നെയായിരിക്കും ഇതെന്നും കേള്‍ക്കുന്നു. ജയിലര്‍ 2വിന് ശേഷമേ നെല്‍സണ്‍ ഈ പ്രൊജക്ടിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് ആരംഭിക്കുകയുള്ളൂവെന്നും കേള്‍ക്കുന്നു. രജിനി ആ സമയം മറ്റൊരു പ്രൊജക്ട് ചെയ്ത് തീര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
28 വര്‍ഷങ്ങള്‍ക്ക് ശേഷം സുന്ദര്‍. സിയുമായി ഒരു പ്രൊജക്ട് ചെയ്യാന്‍ രജിനി തയാറെടുക്കുന്നു എന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അരുണാചലത്തിന് ശേഷം ഹിറ്റ് കോമ്പോ ഒന്നിക്കുന്ന പ്രൊജക്ട് അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമാകും രജിനി- കമല്‍ പ്രൊജക്ട് ഓണ്‍ ആവുക.