ജയിലറിലേക്ക് രജിനി സാറിനെ നായകനാക്കുമ്പോൾ എല്ലാവരും പറഞ്ഞത് ഇതായിരുന്നു: നെൽസൺ ദിലീപ് കുമാർ
Entertainment
ജയിലറിലേക്ക് രജിനി സാറിനെ നായകനാക്കുമ്പോൾ എല്ലാവരും പറഞ്ഞത് ഇതായിരുന്നു: നെൽസൺ ദിലീപ് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th January 2024, 4:51 pm

കഴിഞ്ഞവർഷം തിയേറ്ററിൽ ഇറങ്ങി വമ്പൻ വിജയമായ സ്റ്റൈൽ മന്നൻ രജിനികാന്ത് ചിത്രമായിരുന്നു ജയിലർ.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ കളക്ഷൻ നേടിയിരുന്നു. വിനായകൻ ഒരു പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാലും ഒരു അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു.

ജയിലറിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നെൽസൺ. ജയിലറിന് തൊട്ട് മുമ്പ് വലിയ ഹൈപ്പിൽ തിയേറ്ററിൽ എത്തിയ നെൽസന്റെ ചിത്രമായിരുന്നു ബീസ്റ്റ്. വിജയ് നായകനായ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടിരുന്നു.

പിന്നീട് രജിനികാന്തുമൊത്ത് ജയിലർ പ്രഖ്യാപിച്ചത് മുതൽ ജയിലർ വിജയമാകുമോയെന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. മുമ്പിറങ്ങിയ രജിനികാന്ത് ചിത്രങ്ങൾക്കും ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

ജയിലറിന് മുമ്പ് ഒരുപാട് പേർ തന്നോട് രജിനികാന്തിന്റെ പ്രായത്തെ പരീക്ഷിക്കരുതെന്ന് പറഞ്ഞിരുന്നു എന്നാണ് നെൽസൺ പറയുന്നത്. തനിക്ക് ഒരുപോലെ ആത്മവിശ്വാസവും ഭയവും ആ കാര്യത്തിൽ തോന്നിയിരുന്നുവെന്നും ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ജയിലറിന്റെ സമയത്ത് ഒരുപാട് ആളുകൾ എന്നോട് പറഞ്ഞിരുന്നു. രജിനിസാറിന്റെ പ്രായത്തെ വെച്ച് കളിക്കരുതെന്ന്. അദ്ദേഹം ഇത്‌ വരെ ചെയ്തത് എന്താണോ അത് തന്നെ ചെയ്യട്ടെയെന്ന് ആളുകൾ പറഞ്ഞു.

പക്ഷെ എനിക്കൊരു ചെറിയ ആത്മവിശ്വാസമുണ്ടായിരുന്നു. അതുപോലെ തന്നെ അതിനെ കുറിച്ചൊരു ധൈര്യക്കുറവും ഉണ്ടായിരുന്നു. ഇനി അത് പരാജയപ്പെടുകയാണെങ്കിൽ അതെന്റെ പ്രശ്നമാണ്. അതുകൊണ്ടാണ് അത് ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചത്. മോശമായാൽ കുറ്റങ്ങൾ കേൾക്കാനും ഞാൻ തയ്യാറായിരുന്നു,’നെൽസൺ ദിലീപ് കുമാർ പറയുന്നു

Content Highlight: Nelson DileepKumar Talk about Rajinikanth Jailer Movie