ദാ പുതിയ സൂര്യോദയം; ടൊവിനോക്കും റിമക്കും ശേഷം നീലവെളിച്ചം നിറച്ച് റോഷനും
Entertainment
ദാ പുതിയ സൂര്യോദയം; ടൊവിനോക്കും റിമക്കും ശേഷം നീലവെളിച്ചം നിറച്ച് റോഷനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st November 2022, 9:42 am

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചത്തിലെ റോഷന്‍ മാത്യുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഒരു വീടിന്റെ വരാന്തയില്‍ കട്ടന്‍ ചായയും കയ്യില്‍ പിടിച്ച് പുറത്തേക്ക് നോക്കിയിരിക്കുന്ന റോഷനാണ് പോസ്റ്ററിലുള്ളത്.

റോഷന്റെ വ്യത്യസ്തമായ ലുക്കാണ് ചിത്രത്തിലേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. പിങ്ക് നിറത്തിലുള്ള കടലാസ് പൂക്കളും മറ്റ് ചെടികളുമായി മനോഹരമായാണ് പോസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്.

കേരളപ്പിറവി ആശംസകള്‍ നേര്‍ന്നാണ് ആഷിഖ് അബു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ‘ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവര്‍ത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വരികളും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ നീലവെളിച്ചത്തിലെ റിമയുടെയും ടൊവിനോയുടെയും പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു.
പാവാടയും ബ്ലൗസും ധരിച്ച് 80കളിലെ മലയാള സിനിമയിലെ പാട്ടിലെ നായികമാരെ പോലെയാണ് റിമ പോസ്റ്ററില്‍ പോസ് ചെയ്തിരുന്നത്. പഴയ പാട്ടുകളിലേതു പോലെയുള്ള സെറ്റും പശ്ചാത്തലമായി കാണാമായിരുന്നു.

വെളിച്ചമില്ലാത്ത ഭാര്‍ഗവിനിലയത്തിലേക്ക് എത്തുന്ന യുവ നോവലിസ്റ്റായ ടൊവിനോയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. വാതിലിന് മുകളില്‍ നീലവെളിച്ചവുമുണ്ടായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു ചിത്രമൊരുക്കുന്നത്. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേം നസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം.

ഭാര്‍ഗവീനിലയത്തിലെ മധുവും പ്രേം നസീറും വിജയ നിര്‍മ്മലയും ചെയ്ത വേഷങ്ങളിലേക്കാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍ എന്നിവരെത്തുന്നതെന്നാണ് കരുതപ്പെടുന്നത്.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്.

തലശ്ശേരിയിലാണ് ആഷിഖ് അബു ചിത്രത്തിനുള്ള പ്രധാന ലൊക്കേഷനായി തെരഞ്ഞെടുത്തിരുന്നത്.
നീലവെളിച്ചം 2023 ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Content Highlight: Neelavelicham Movie Roshan Mathew character poster out