മുട്ടുകാല് കയറ്റി കൂമ്പിനിട്ട് ഇടിക്കും പറഞ്ഞേക്കാം... വൈറലായി ചഹലിന്റെയും മാച്ച് അമ്പയറിന്റെയും വീഡിയോ
Sports News
മുട്ടുകാല് കയറ്റി കൂമ്പിനിട്ട് ഇടിക്കും പറഞ്ഞേക്കാം... വൈറലായി ചഹലിന്റെയും മാച്ച് അമ്പയറിന്റെയും വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st November 2022, 8:30 am

ഐ.പി.എല്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ എങ്ങനെയായിരുന്നോ അതേ രീതിയില്‍ തന്റെ കുട്ടിക്കളി ഓസ്‌ട്രേലിയയിലും തുടരുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും ചഹലിന് കളിക്കാന്‍ സാധിച്ചില്ലെങ്കിലും കളിയും തമാശയുമായി ചഹല്‍ ഓസ്‌ട്രേലിയയില്‍ തകര്‍ക്കുകയാണ്.

തന്റെ സഹതാരങ്ങളെ കളിയാക്കാനും കുഴിയില്‍ വീഴ്ത്താനും ലഭിക്കുന്ന അവസരങ്ങളൊന്നും തന്നെ പാഴാക്കാത്ത ചഹല്‍ ഇപ്പോള്‍ അമ്പയര്‍മാര്‍ക്ക് നേരെയും തന്റെ കുട്ടിക്കളിയുമായി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തിനിടെ വാട്ടര്‍ ബോയ് ആയി ഗ്രൗണ്ടിലെത്തിയ ചഹലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു ഈ രസകരമായ സംഭവം നടന്നത്.

മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ ദേഹത്ത് പന്ത് വന്നിടിക്കുകയും അത് പരിശോധിക്കാനായി ഫിസിയോ ഗ്രൗണ്ടിലെത്തുകയും ചെയ്തിരുന്നു. ഫിസിയോക്കൊപ്പം കയ്യില്‍ വാട്ടര്‍ ബോട്ടിലുകളുമായി ചഹലും ഗ്രൗണ്ടിലെത്തിയിരുന്നു.

ഫിസിയോ രാഹുലിനെ പരിശോധിക്കുന്നതിനിടെ അമ്പയര്‍മാര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു ചഹല്‍. അപ്പോഴാണ് ചഹലിന്റെ മനസിലെ വികൃതിപ്പയ്യന്‍ ഉണര്‍ന്നതും അമ്പയര്‍ ലാങ്ടണ്‍ റുസേറിനെ കളിപ്പിക്കാന്‍ ഒരുങ്ങിയതും.

അമ്പയറുമായി സംസാരിച്ചിരിക്കവെ ഇടിക്കാനെന്നോണം ചഹല്‍ പെട്ടെന്ന് തന്റെ മുട്ടുകാല്‍ ഉയര്‍ത്തുകയായിരുന്നു. ശേഷം ഡഗ് ഔട്ടിലേക്ക് മടങ്ങി പോകും മുമ്പ് ലാങ്ടണിന്റെ വയറില്‍ തമാശ രൂപത്തില്‍ ഒരു ഇടിയും ചഹല്‍ വെച്ചുകൊടുത്തിരുന്നു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബംഗ്ലാദേശിനെതിരയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഡ്‌ലെയ്ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ രണ്ടിനാണ് മത്സരം നടക്കുന്നത്.

 

Content Highlight: Yuzvendra Chahal’s funny video with umpire goes viral