ഇംഗ്ലണ്ട് ടി – 20 പരമ്പരയില്‍ ടോപ് ഓഡറില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. പൊതുജന സമ്മര്‍ദം മൂലമാണ് വൈഭവ് സൂര്യവംശിയെ കളിപ്പിച്ചതെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ സഞ്ജു സാംസണിന്റെ ആത്മവിശ്വാസമാണ് തകര്‍ത്ത് കളയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മത്സരങ്ങളില്‍ അവസരം നല്‍കി വൈഭവിനെ മാറ്റിയതിലൂടെ അവന്റെയും ആത്മവിശാസം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു നാസര്‍ ഹുസൈന്‍.
‘ഇംഗ്ലണ്ടില്‍ സഞ്ജു സാംസണ്‍ ഒരു ഇന്നിങ്സ് മാത്രം കളിച്ചപ്പോഴേക്കും അവര്‍ വൈഭവ് സൂര്യവംശിയെ ടീമിലെത്തിച്ചു. ഈ പയ്യന്‍ കളിക്കണം എന്ന പൊതുജന സമ്മര്‍ദം മൂലമാണ് അവര്‍ അങ്ങനെ ചെയ്തത്. ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ നിങ്ങള്‍ സഞ്ജുവിന്റെ ആത്മവിശ്വാസമാണ് തകര്‍ക്കുന്നത്.
ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ ആയ താരത്തെയും, മുംബൈയില്‍ വെച്ച് ഇംഗ്ലണ്ട് ബൗളര്‍മാരെ അടിച്ചുകൂട്ടിയ ഒരു താരത്തെയുമാണ് നിങ്ങള്‍ തഴഞ്ഞത്. പിന്നീട് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം വൈഭവിനെയും അവര്‍ പുറത്താക്കി, ഇപ്പോള്‍ അവന്റെയും ആത്മവിശ്വാസം അവര്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഈ രണ്ട് കളിക്കാരും ഇപ്പോള്‍ തങ്ങളുടെ കളി എവിടെയാണ് നില്‍ക്കുന്നത് എന്ന് സംശയിച്ചു ഇരിക്കുകയാണ്,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.
ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്ക് വേണ്ടി കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി – 20യിലും റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ മലയാളി ബാറ്റര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.
പിന്നാലെ രണ്ടാം മത്സരത്തില്‍ വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ കളിച്ച മൂന്ന് മത്സരത്തിലും 15കാരന്‍ പരാജയപ്പെട്ടതോടെ അവസാന ടി – 20യില്‍ സഞ്ജുവിനെ ഓപ്പണറായി തിരികെ കൊണ്ടുവന്നിരുന്നു.
Content Highlight: Nasser Hussain criticizes Indian team destroying Sanju Samson’s confidence