മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ അഭിനേതാവാണ് നന്ദു പൊതുവാള്‍. സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നടന്‍ പിന്നീട് പ്രൊഡക്ഷന്‍ മേഖലയിലേക്കും കടന്നു. ഒട്ടേറെ സിനിമകളില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായും പ്രൊഡക്ഷന്‍ മാനേജറായും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്.
സിനിമക്കൊപ്പം സീരിയലുകളിലും അഭിനയിക്കുന്ന നടന്‍ കൂടിയാണ് നന്ദു. പ്രിയദര്‍ശന്‍ – ദിലീപ് കൂട്ടുകെട്ടില്‍ എത്തിയ വെട്ടം എന്ന ചിത്രത്തിലെ ട്രെയിനിലെ യാത്രക്കാരന്റെ കഥാപാത്രമാണ് നന്ദുവിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ഒരു മരുഭൂമിക്കഥ എന്ന സിനിമയിലും നന്ദു അഭിനയിച്ചിരുന്നു. ചിത്രത്തില്‍ നന്ദുവിന്റെ കഥാപാത്രം മോഹന്‍ലാലിനെ പ്രാകുന്നതും അതിന് മോഹന്‍ലാല്‍ നല്‍കുന്ന റിയാക്ഷനും ട്രോള്‍ പേജുകളിലെ മീമുകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നതാണ്.
ഇപ്പോള്‍ മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് നന്ദു പൊതുവാള്‍. താന്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിരിക്കുന്നത് മോഹന്‍ലാലിന്റെ കൂടെ ആണെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ലാല്‍ തന്നെ ഒരുപാട് സ്ഥലത്ത് റെക്കമെന്റ് ചെയ്തിട്ടുണ്ടെന്നും നന്ദു പറയുന്നു.
‘ഞാന്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിരിക്കുന്നത് ലാല്‍ സാറിന്റെ കൂടെയാണ്. അതുപോലെ അദ്ദേഹം എന്നെ ഒരുപാട് സ്ഥലത്ത് റെക്കമെന്റ് ചെയ്തിട്ടുണ്ട്. ഞാന്‍ ലാല്‍ സാറിന്റെ പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പടങ്ങളില്‍ പ്രൊഡക്ഷന്‍ ചെയ്തിട്ടുണ്ട്.
ലാല്‍ സാര്‍ അഭിനയിക്കുന്ന സിനിമകളില്‍ എനിക്ക് എന്തെങ്കിലുമൊക്കെ വേഷങ്ങള്‍ കിട്ടാറുണ്ട്. ചെറിയ റോളിലേക്കാണെങ്കിലും അദ്ദേഹം എന്നെ റെക്കമെന്റ് ചെയ്യും. നന്ദുവിന് എന്തെങ്കിലും വേഷമുണ്ടെങ്കില്‍ കൊടുക്കണമെന്ന് പറയും. എന്നിട്ട് എന്നോട് ‘ഒരു വേഷം തരാന്‍ പറഞ്ഞിട്ടുണ്ട് കേട്ടോ’യെന്ന് പറയും.
ആ കാര്യം സംവിധായകനും എന്നോട് പറയാറുണ്ട്. ‘ലാല്‍ സാര്‍ ഒരു വേഷം തരാന്‍ പറഞ്ഞിട്ടുണ്ട്’ എന്ന് അവര്‍ പറയും. ഞാന്‍ ഈയിടെ ചെയ്ത ലാല്‍ സാറിന്റെ മിക്ക പടങ്ങളും സംവിധായകര്‍ പറഞ്ഞിട്ടും ലാല്‍ സാര്‍ പറഞ്ഞിട്ടും തന്നെ ലഭിച്ചതാണ്,’ നന്ദു പൊതുവാള്‍ പറയുന്നു.
Content Highlight: Nandu Poduval Talks About Mohanlal