തനിക്ക് ഏതെങ്കിലും ഒന്ന് ചെയ്താല്‍ പോരേ, മറ്റൊരാളുടെ പണി കളയുന്നത് എന്തിനാണെന്ന് മമ്മൂക്ക ചോദിച്ചു: നന്ദു പൊതുവാള്‍
Entertainment
തനിക്ക് ഏതെങ്കിലും ഒന്ന് ചെയ്താല്‍ പോരേ, മറ്റൊരാളുടെ പണി കളയുന്നത് എന്തിനാണെന്ന് മമ്മൂക്ക ചോദിച്ചു: നന്ദു പൊതുവാള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 9:53 pm

 

പ്രിയദര്‍ശന്‍ ചിത്രമായ വെട്ടത്തിലെ ചെറിയ ഒരു കഥാപാത്രത്തിലൂടെ തന്നെ മലയാളികള്‍ എന്നും ഓര്‍ക്കുന്ന നടനാണ് നന്ദു പൊതുവാള്‍. ദിലീപിനൊപ്പം ട്രെയിനിലെ യാത്രക്കാരനായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചത്.

മിമിക്രിയില്‍ നിന്നാണ് നടന്‍ സിനിമയിലേക്ക് എത്തിയത്. ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് പ്രൊഡക്ഷന്‍ മേഖലയിലേക്കും കടന്നു. ഒട്ടേറെ സിനിമകളില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായും പ്രൊഡക്ഷന്‍ മാനേജറായും നന്ദു പൊതുവാള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

സിനിമാസീരിയല്‍ അഭിനയവും പ്രൊഡക്ഷന്‍ സംബന്ധമായ ജോലിയും ഒരുപോലെ കൊണ്ടുപോകുന്ന ആള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുടെ സമയത്ത് മമ്മൂട്ടി തന്നോട് ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് പറയുകയാണ് നന്ദു പൊതുവാള്‍. ഓണ്‍ ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഫുള്‍ ടൈം അഭിനയത്തിലേക്ക് മാറിയാല്‍ പിന്നെ കണ്‍ട്രോളറിന്റെ ജോലി വേറെ ആര്‍ക്കെങ്കിലും കിട്ടില്ലേ. എന്നോട് ഒരിക്കല്‍ മമ്മൂക്ക ചോദിച്ച കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുടെ സമയത്തായിരുന്നു അത്.

ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതും ‘കരുണാമയനേ’ എന്ന പാട്ടുപാടി അഭിനയിക്കുകയായിരുന്നു ഞാന്‍. ആ സിനിമയുടെ സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു. ലാലു എനിക്ക് വളരെ അടുത്തറിയുന്ന ആളുകളില്‍ ഒരാളാണ്.

പ്രൊഡ്യൂസറായിട്ടുള്ള രഞ്ജിത്തേട്ടന്‍ ആയിരുന്നു എന്നെ ആ സിനിമയിലേക്ക് വിളിക്കുന്നത്, ചിപ്പി രഞ്ജിത്ത്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ്. എന്നെ ഒത്തിരി പ്രോത്സാഹിപ്പിച്ച ആളാണ് അദ്ദേഹം.

രഞ്ജിത്തേട്ടന്‍ തന്നെയാണ് മമ്മൂക്കയെ പരിചയപ്പെടുത്താനായി എന്നെയും കൊണ്ടുപോകുന്നത്. അന്ന് മമ്മൂക്ക എന്നെ നോക്കി ‘തനിക്ക് ഏതെങ്കിലും ഒരു പണി ചെയ്താല്‍ പോരെ. ഒന്നെങ്കില്‍ അഭിനയിക്കാന്‍ നടക്ക്. അല്ലെങ്കില്‍ പ്രൊഡക്ഷന്‍ നോക്ക്. ഇത് രണ്ടുംകൂടെ വെച്ചിട്ട് ഒരാളുടെ പണി കളയുന്നത് എന്തിനാണ് നീ’യെന്ന് ചോദിച്ചു. അത് ശരിയല്ലേ (ചിരി),’ നന്ദു പൊതുവാള്‍ പറയുന്നു.

Content Highlight: Nandu Poduval Talks About Mammootty