കേശുവില്‍ കുത്തിക്കയറ്റിയ തമാശകളുണ്ട്, എ.സി കോമഡി സിനിമയിലിടാമെന്ന് പറഞ്ഞത് ഉര്‍വശി ചേച്ചി: നാദിര്‍ഷ
Film News
കേശുവില്‍ കുത്തിക്കയറ്റിയ തമാശകളുണ്ട്, എ.സി കോമഡി സിനിമയിലിടാമെന്ന് പറഞ്ഞത് ഉര്‍വശി ചേച്ചി: നാദിര്‍ഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 5:36 pm

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനായ ചിത്രമായിരുന്നു കേശു ഈ വീടിന്റെ നാഥന്‍. ഉര്‍വശി, നസ്‌ലന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. കോമഡി എന്റര്‍ടെയ്‌നറായി ഇറങ്ങിയ ചിത്രത്തിലെ കോമഡിക്കെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കേശുവില്‍ കുത്തിക്കയറ്റിയ കോമഡികളുണ്ടായിരുന്നു എന്ന് പറയുകയാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ.

‘കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ കുത്തികയറ്റിയ തമാശയുണ്ടെന്ന് പറഞ്ഞാണ് ഭയങ്കര ബഹളമുണ്ടായത്. ആ സിനിമയില്‍ കുത്തിക്കയറ്റിയ തമാശകളുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. പണ്ട് ഞങ്ങളുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ പറഞ്ഞോണ്ടിരുന്ന തമാശയുണ്ടായിരുന്നു. എ.സി ഇടണോന്ന് ചോദിക്കുമ്പോള്‍ ലേശമെന്ന് പറഞ്ഞ് ഞങ്ങള്‍ പണ്ട് കുറെ ചിരിച്ചതായിരുന്നു.

ഈ തമാശ ലൊക്കേഷനില്‍ പറഞ്ഞപ്പോള്‍ ഇത് നമുക്ക് സിനിമയിലിടാല്ലോ എന്ന് ഉര്‍വശി ചേച്ചി പറഞ്ഞു. ഇതൊക്കെ പണ്ട് പറഞ്ഞുപോയ സാധനങ്ങളാണെന്ന് ചേച്ചിയോട് പറഞ്ഞു. ഇല്ല നാദിര്‍ഷ, ഞങ്ങള്‍ ഇതൊന്നും കേട്ടിട്ടില്ല, ഇത് പറഞ്ഞാല്‍ ചിരിക്കും, എന്റെ കഥാപാത്രം പറഞ്ഞാല്‍ ഓകെയാണ് അതെന്ന് ഉര്‍വശി ചേച്ചി പറഞ്ഞു.

അതിനുശേഷം പിഷാരടി ഏതെക്കെയോ ചാനലില്‍ കേറിയിരുന്നു ഈ തമാശ പറഞ്ഞു. ആ ക്ലിപ്‌സ് വൈറലായതിന് ശേഷമാണ് ഈ സിനിമ പുറത്ത് വരുന്നത്. അപ്പോഴേക്കും ഇത് കട്ട് ചെയ്ത് കളയാനും പറ്റാത്ത അവസ്ഥയായി. എ.സിയുടെ പ്രശ്‌നം പറഞ്ഞ് എല്ലാവരും കുറച്ച് നാള്‍ നമ്മക്കിട്ട് തോണ്ടിക്കൊണ്ടിരുന്നു. പല പടങ്ങളിലും ചില ഡയലോഗുകള്‍ ക്വോട്ട് ചെയ്ത് പറയുന്നത് പോലെ നമ്മുടെ പടത്തില്‍ എ.സിയായി.

ഞാനും ദിലീപും കൂടി ചേരുമ്പോള്‍ ആള്‍ക്കാര്‍ ഒരിക്കലും ഒരു ആകാശദൂത് പോലൊരു സിനിമ പ്രതീക്ഷിക്കുന്നില്ല. അവര്‍ കുറച്ച് ചിരിക്കാമെന്നാണ് വിചാരിക്കുന്നത്. കാരണം പണ്ട് ഞങ്ങളുടെ കോമ്പിനേഷന്‍ കണ്ടിരിക്കുന്നത് മാവേലി കൊമ്പത്ത് ഒക്കെയാണ്. ആ ഒരു ഫ്‌ളേവറിലുള്ള ഒരു സിനിമ വരട്ടെ എന്നാണ് വിചാരിക്കുന്നത്. അത്രയും പൂണ്ട് വിളയാടുന്ന ഒരു സിനിമയാണ് വേണ്ടിയിരുന്നത്,’ നാദിര്‍ഷ പറഞ്ഞു.

ഈശോയാണ് ഇനി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന നാദിര്‍ഷയുടെ ചിത്രം. ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Nadirsha says that there were comedies injected into Keshu ee veedinte nadhan