കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം; മോഹന്‍ലാലിനെ നാടന്‍ ഗുണ്ടയാക്കി ലിജോ പെല്ലിശ്ശേരി ചിത്രം
Entertainment
കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം; മോഹന്‍ലാലിനെ നാടന്‍ ഗുണ്ടയാക്കി ലിജോ പെല്ലിശ്ശേരി ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 4:53 pm

മലയാള സിനിമാലോകത്തെ കഴിഞ്ഞ കുറച്ച് നാളുകളായുള്ള ചൂടേറിയ ചര്‍ച്ചയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിച്ചൊരു സിനിമ വരുന്നു എന്നത്. ഈ ചിത്രം ഏകദേശം ഉറപ്പായി കഴിഞ്ഞെന്നും ഉടന്‍ തന്നെ ഷൂട്ട് തുടങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകളും ഒരു സമയത്ത് വന്നിരുന്നു.

എന്നാല്‍ പിന്നീട് ഇതേ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ വരാതെയായി. സിനിമ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജില്‍ തന്നെ ഡ്രോപ്പായി പോയെന്ന് ചില സിനിമാവൃത്തങ്ങളില്‍ നിന്ന് ട്വീറ്റുകളും പോസ്റ്റുകളുമെത്തി.

എന്നാല്‍ ഇപ്പോള്‍ ആദ്യം കേട്ട അഭ്യൂഹങ്ങളെല്ലാം ശരിവെക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. നാടന്‍ ഗുണ്ടയായിട്ടാണ് മോഹന്‍ലാല്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023ലായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.

ജീത്തു ജോസഫ് ചിത്രമായ റാമിന്റെ ഷൂട്ടിലാണ് മോഹന്‍ലാലിപ്പോള്‍. ഇതിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ലിജോ ചിത്രത്തിലേക്ക് അദ്ദേഹം എത്തുക.

കൊവിഡ് മൂലം നിര്‍ത്തിവെച്ച റാമിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്. മോണ്‍സ്റ്റാര്‍, എലോണ്‍, ഓളവും തീരവും എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം. തമിഴ്‌നാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി കള്ളനായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.

Content Highlight: Mohanlal teams up with Lijo Jose Pellissery for a new movie