ഓങ് സാന്‍ സുചിക്കും മുന്‍ ഉപദേശകനും മൂന്ന് വര്‍ഷം തടവ്
World News
ഓങ് സാന്‍ സുചിക്കും മുന്‍ ഉപദേശകനും മൂന്ന് വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 4:15 pm

നയ്പിഡോ : ഓങ് സാന്‍ സൂചിക്കും അവരുടെ മുന്‍ ഉപദേശകന്‍ ഷോണ്‍ ടേണലിനും മ്യാന്‍മര്‍ കോടതി മൂന്ന് വര്‍ഷത്തെ തടവുവിധിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷയെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള മക്വെറി സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് സുചിയുടെ ഉപദേശകനായിരുന്ന ടേണല്‍. ടേണല്‍ ഇമിഗ്രേഷന്‍ നിയമം തെറ്റിച്ചെന്ന് കാണിച്ചും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇരുവരും കുറ്റം നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അടച്ചിട്ട കോടതിയിലാണ് ശിക്ഷാവിധി നടന്നത്.

എഴുപത്തേഴുകാരിയായ സുചിക്ക് നിലവില്‍ വിവിധ കേസുകളിലായി 23 വര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. അഴിമതി, പട്ടാളത്തിനെതിരെ ജനങ്ങളെ ഇളക്കിവിടല്‍, കൊവിഡ് പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയവയാണ് സൂചിക്കെതിരായ കുറ്റങ്ങള്‍. ഇതിന് പിന്നാലെയാണ് പുതിയ കേസ്.

കഴിഞ്ഞ വര്‍ഷം സൂചിയെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിനും കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് സൂചിയെ ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം പട്ടാളം അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് സൂചിക്ക് ഭരണത്തില്‍നിന്ന് ഒഴിയേണ്ടിവന്നത്. തുടര്‍ന്ന് അവര്‍ തടങ്കലിലാണ്.

അതേസമയം, ഓങ് സാന്‍ സൂചിയുടെ അനുയായിയായിരുന്ന ആള്‍ ഉള്‍പ്പെടെ മ്യാന്‍മറില്‍ സമര നേതാക്കളുടെ വധശിക്ഷ സൈന്യം കഴിഞ്ഞ മാസം നടപ്പാക്കിയിരുന്നു. സൂചിയുടെ അടുത്ത അനുയായിയായിരുന്ന ഫോയെ സെയ ത്വാ, ആക്റ്റിവിസ്റ്റ് കൊ ജിമ്മി എന്നിവര്‍ ഉള്‍പ്പെടെ നാല് പേരെയായിരുന്നു സൈന്യം വധിച്ചത്.