കണ്ണുകളാൽ ഞാൻ കണ്ട ലെജൻഡാണ് വിജയ്: മിഷ്കിൻ
Indian Cinema
കണ്ണുകളാൽ ഞാൻ കണ്ട ലെജൻഡാണ് വിജയ്: മിഷ്കിൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 2:46 pm

ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോ തിയേറ്ററുകളിൽ തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. വമ്പൻതാരനിര അണിനിരന്ന ചിത്രത്തിൽ സംവിധായകൻ മിഷ്കിനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രത്തിന്റെ സക്സസ് മീറ്റിൽ മിഷ്കിൻ വിജയിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ജീവിതത്തിൽ കണ്ണ് കൊണ്ട് കണ്ട ഒരു ലെജൻഡാണ് വിജയ് എന്നാണ് മിഷ്കിൻ പറഞ്ഞത്. 23 വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഒരു ചിത്രത്തിന്റെ ഭാഗമായത് വിജയിയോടൊപ്പമാണെന്നും കാലങ്ങൾക്ക് ശേഷം ഇത്ര ഉയരത്തിൽ നിൽക്കുമ്പോഴും വിജയ് എന്ന വ്യക്തിയ്‌ക്ക് ഒരു മാറ്റവുമില്ലെന്നും മിഷ്കിൻ കൂട്ടിച്ചേർത്തു.

‘എന്റെ ജീവിതത്തിൽ ഞാൻ രണ്ട് ലെജൻഡ്സിനെ കുറിച്ചാണ് വായിച്ചിട്ടുള്ളത് ഒന്ന് ബ്രൂസ്‌ലിയും മറ്റൊന്ന് മൈക്കിൾ ജാക്ക്സണും. എന്നാൽ ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുള്ള ലെജൻഡ് വിജയ് ആണ്. ഞാൻ ഒരിക്കലും അതിശയോക്തി കലർത്തി പറയുകയല്ല. 23 വർഷങ്ങൾക്ക് മുൻപ് ഞാൻ എന്റെ കരിയർ തുടങ്ങുമ്പോൾ എന്റെ ആദ്യ സിനിമയായ ‘യൂത്ത്’ വിജയിയോടൊപ്പമായിരുന്നു.

ഈ 23 വർഷത്തിനിടയിൽ ഞാൻ ഒരിക്കൽ പോലും വിജയുടെ അടുത്ത് പോയി ഒരു കഥയും പറഞ്ഞിട്ടില്ല. കാരണം ഒരു കഥ പറയുമ്പോൾ അത് അത്രയും ശ്രദ്ധയോടെ വേണം എന്നെനിക്ക് നിർബന്ധമുള്ളത് കൊണ്ടാണത്. ഈ 23 വർഷവും ഞാൻ വിജയിയുടെ വളർച്ച നോക്കികൊണ്ടിരിക്കുകയായിരുന്നു. ഒരു മാറ്റവും ഇല്ലാതെ എല്ലാ കാര്യത്തിലും വിജയ് ഇന്നും അതുപോലെ നിലനിൽക്കുന്നു. ഇങ്ങനെയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടേയില്ല.

ലോകേഷാണ് എന്നെ ലിയോയിലേക്ക് വിളിക്കുന്നത്. എനിക്ക് വലിയ ആശ്ചര്യം തോന്നിയിരുന്നു. ഞാൻ ചെല്ലുമ്പോൾ വിജയിയുടെ ഒരു ഫൈറ്റ് സീനായിരുന്നു ഷൂട്ട്‌ ചെയ്ത് കൊണ്ടിരുന്നത്. എന്നെ കണ്ട അപ്പോൾ തന്നെ വിജയ് എന്നെ വന്ന് കെട്ടിപിടിച്ചു. 23 വർഷങ്ങൾക്ക്‌ ശേഷം വളർന്ന് ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴും എന്നെ കണ്ടയുടനെ വന്ന് കെട്ടിപിടിച്ചത് എനിക്കൊരിക്കലും മറക്കാനാവില്ല. അതാണ് വിജയ്,’ മിഷ്കിൻ പറയുന്നു.

ലിയോ 500 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ മുന്നേറുകയാണ്. ജയിലറിന് ശേഷം ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റായി കഴിഞ്ഞു ലിയോ. വിജയിയോടൊപ്പം തൃഷ, സഞ്ജയ്‌ ദത്ത്, അർജുൻ സർജ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിന്റെ ഭാഗമായിരുന്നു.

Content Highlight: Mysskin Talk About Vijay